മല്ലപ്പള്ളി: കൊച്ചുപറമ്പ് എംജിഡി ബാലഭവനില്‍ വളര്‍ത്തുന്ന “വില്വാദ്രി’ എന്ന അത്യപൂര്‍വ നാടന്‍ ഇനത്തില്‍ പെട്ട പശുവിന്റെ അഞ്ചുമാസം പ്രായമായ കിടാവിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. ബഹളംകേട്ട് ബാലഭവനിലെ കുട്ടികളും ജീവനക്കാരും ഓടിയെത്തിയാണ് തെരുവുനായ്ക്കളില്‍നിന്നും ഇതിനെ രക്ഷിച്ചത്. കഴുത്തിനും വയറി നും സാരമായി മുറിവേറ്റ കിടാവിന് ആനിക്കാട് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ ജിജി എത്തി ചികിത്സ നല്‍കി.ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. ബാലഭവന്റെ പരിസരത്ത് തീറ്റതിന്നുകയായിരുന്ന കിടാവിനെ പത്തിലധികം വരുന്ന തെരുനായ്ക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു.
കടിയേറ്റ കിടാവിന്റെ ബഹളം കേട്ട് ബാലഭവനില്‍ ഉള്ളവര്‍ ഓടിയെത്തി ഏറെ പണിപ്പെട്ടാണ് ആക്രമണകാരികളായ നായകളെ തുരത്തിയത്. തൃശൂര്‍, പാലക്കാട് ജില്ലയുടെ അതിര്‍ത്തിയായ തിരുവില്വാമലയിലെ നിളാനദി യുടെ തീരത്ത് മാത്രം കാണപ്പെടു ന്ന അത്യപൂര്‍വം വില്വാദ്രി ഇനത്തില്‍പെട്ട നാടന്‍ പശുവിനെ യും ഏതാനും കാളകളെയും ആറു മാസം മുമ്പാണ് എംജിഡി ബാലഭവനില്‍ കൊണ്ടുവന്നത്. കൊണ്ടുവന്ന് വൈകാതെ പ്രസവത്തോട നുബന്ധിച്ച് പശു ചത്തു. ഇതിന്റെ കിടാവിനെ മറ്റൊരു പശുവിന്റെ പാല്‍കുടിപ്പിച്ചാണ് വളര്‍ത്തിയെ ടുത്തത്. ഈ കിടാവാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.
ജൈവകൃഷി പോഷിപ്പിക്കാന്‍ നാടന്‍ പശുക്കളുടെ ചാണകം മൂത്രം എന്നിവ ഉപയോഗിച്ച് ജീവാമൃതം, ഖരജീവാമൃതം എന്നിവ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ നാടപശുക്കളെ വളര്‍ത്തുന്നത്. നാടന്‍ പശുക്കളുടെ ചാണകവും മൂത്രവും ശേഖരിക്കുന്ന തിനായി ഇവയ്ക്കായി പ്രത്യേക തൊഴുത്തും നിര്‍മിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം പെരുകിയിരിക്കുകയാണെന്നും മനുഷ്യനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇവ ഒരു പോലെ ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്നും ബാലഭവന്‍ മാനേജര്‍ ഫാ. ജോബ് മാത്യു പറഞ്ഞു.