അധികൃതര്‍ വാഗ്ദാനം പാലിച്ചില്ലെങ്കിലും പന്തപ്രകോളനി നിവാസികള്‍ വോട്ടുചെയ്തു

EKM-ELECTIONകോതമംഗലം: ഭൂമിയും വീടും ലഭിച്ചില്ലെങ്കിലും ഇക്കുറി വോട്ട് ബഹിഷ്കരിക്കാതെ പന്തപ്രയിലെ ആദിവാസികള്‍ പോളിംഗ് ബൂത്തിലെത്തി. സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ‘ഭൂമിയും വീടും തേക്കുമരവും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോളനി നിവാസികള്‍ വോട്ട് ബഹിഷ്കരിച്ചിരുന്നു. പന്തപ്ര ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ 64 കുടുംബങ്ങളിലായി 139 വോട്ടര്‍മാരാണുള്ളത്. ഉള്‍വനത്തിലെ വാരിയം ആദിവാസി കോളനിയില്‍ കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് 1997 പലായനം ചെയ്ത് എത്തിയതാണ് ഈ കുടുംബങ്ങള്‍. കണ്ടംപാറയില്‍ പൂയംകുട്ടി പുഴയുടെ തീരത്തായിരുന്നു ആദ്യം ഈ കുടുംബങ്ങള്‍ കുടില്‍കെട്ടി താമസിച്ചിരുന്നത്.

വര്‍ഷകാലത്ത് പുഴ കവിഞ്ഞൊഴുകുന്നത് ഇവരുടെ ജീവനും സ്വത്തിനും ‘ഭീഷണിയായിരുന്നു. ഇതേ തുടര്‍ന്നു ഇവരുടെ പുനരധിവാസം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരവുമായി രംഗത്തുവന്നതോടെ പന്തപ്ര തേക്ക് പ്ലാന്റേഷനില്‍ രണേ്ടക്കര്‍ ‘ഭൂമിയും വീടും വീടു നിര്‍മിക്കുന്നതിന് ഒരു തേക്ക് മരവും നല്‍കാമെന്ന് ഉറപ്പു നല്‍കിയാണ് ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്. 2015-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പന്തപ്രയിലെത്തി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാല്‍, തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോളനി നിവാസികള്‍ ഒന്നടങ്കം വോട്ട് ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

മൂന്നുമുന്നണി നേതാക്കളും എംഎല്‍എയും സ്ഥലത്തെത്തി കോളനിവാസികളെ അനുനയിപ്പിച്ചാണ് ഇക്കുറി വോട്ടുചെയ്യിച്ചത്. ഇവര്‍ക്കു നല്‍കിയിട്ടുള്ള വാഗ്ദാനം നിറവേറ്റുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. 124 പേര്‍ക്ക് പിണവൂര്‍ക്കുടി സ്കൂളിലും മറ്റുള്ളവര്‍ക്ക് കുഞ്ചിപ്പാറയിലുമായിരുന്നു വോട്ട്. എല്ലാവരും രാവിലെ തന്നെ കൂട്ടമായെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. നേതാക്കള്‍ വാഗ്ദാനം നല്‍കി വഞ്ചിക്കുമോയെന്ന് സംശയമുണെ്ടങ്കിലും ഏറെ പ്രതീക്ഷയിലാണ് പന്തപ്രയിലെ ആദിവാസികള്‍.

Related posts