തലശേരി: ചോദ്യവും ഉത്തരവും തമാശകളുമായി അധ്യാപകവേഷത്തില്‍ എംപി എത്തിയപ്പോള്‍ തലശേരി ഗവ. ബണ്ണന്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു കൗതുകം. സ്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ക്കു മുന്നിലാണ് അധ്യാപകനായി പ്രഫ റിച്ചാര്‍ഡ് ഹേ എംപി എത്തിയത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും എംപി കുട്ടികളെ കൈയിലെടുത്തു. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കു മറുപടിപറഞ്ഞ എംപി മൂന്നു മണിക്കൂറിലേറെ സമയം സ്കൂളില്‍ ചെലവഴിച്ചു. സ്കൂളിലേക്ക് എംപി ഫണ്ടില്‍നിന്ന് അനുവദിച്ച അഞ്ചുലക്ഷം രൂപ ചെലവില്‍ വാങ്ങിയ കംപ്യൂട്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു എംപി സ്കൂളിലെത്തിയത്.
ഉദ്ഘാടന ചടങ്ങിനുശേഷം പിടിഎ ഭാരവാഹികളുടെയും അധ്യാപകരുടെയും അഭ്യര്‍ഥന പ്രകാരം എംപി ക്ലാസ് മുറിയിലെത്തുകയായിരുന്നു. ശുചിത്വത്തെക്കുറിച്ചായിരുന്നു എംപിയുടെ ആദ്യ ഉപദേശം. ക്ലാസ് മുറികള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിനെക്കുറിച്ചു പറഞ്ഞ എംപി ബ്രണ്ണന്‍ കോളജിലും മടപ്പള്ളി കോളജിലും ഉള്‍പ്പെടെ താന്‍ പഠിപ്പിച്ച കാലത്തു ക്ലാസ് മുറികള്‍ കുട്ടികള്‍ ഏറെ വൃത്തിയോടെയാണു സൂക്ഷിച്ചിരുന്നതെന്നു ചൂണ്ടിക്കാട്ടി. ജീവിതത്തിലുടനീളം ശുചിത്വം പാലിക്കണം. മാതൃഭാഷയെ സ്‌നേഹിക്കുന്നതോടൊപ്പം ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ പഠിക്കുകയും വേണം.
കപ്പലപകടത്തില്‍പ്പെട്ടു തലശേരി തീരത്തു നീന്തിയെത്തിയ എഡ്വേര്‍ഡ് ബ്രണ്ണന്‍ പിന്നീട് തലശേരി വിട്ടുപോയില്ല. പാവപ്പെട്ടവര്‍ക്കു വിദ്യാഭ്യാസം നല്‍കുകയാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ബ്രണ്ണന്‍ സ്ഥാപിച്ച ബ്രണ്ണന്‍ സ്കൂളിനു ചരിത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്. സ്കൂളിന്റെ വികസനത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും എംപി ഉറപ്പുനല്‍കി. ഹയര്‍സെക്കന്‍ഡറിയിലെ മൂന്നു ക്ലാസ് ഡിവിഷനിലും ക്ലാസെടുത്ത റിച്ചാര്‍ഡ് ഹേ സ്കൂളും പരിസരവും നടന്നുകണ്ടു.