‘അനതര്‍ ജേര്‍ണി” – ലഹരിക്കെതിരെ ഒരു ഹ്രസ്വചിത്രം

tcr-shortfilimതൃശൂര്‍: മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരുക്കിയ അനതര്‍ ജേര്‍ണി എന്ന ഹ്രസ്വചിത്രത്തിന്റെ  ആദ്യപ്രദര്‍ശനം ബുധനാഴ്ച തൃശൂര്‍ കൈരളി തീയറ്ററില്‍ നടക്കും. നിരവധി ഷോര്‍ട്ട് ഫിലിമുകളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്ത സുധീപ് ഈയെസാണ് സംവിധായകന്‍. എക്‌സൈസ് വകുപ്പും (തൃശൂര്‍) ആവിഷ്കാര്‍ ട്രസ്റ്റും ചേര്‍ന്നവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചത് സി.കെ മേനോനും എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ്.

നിയമപരമായ നടപടികള്‍ കൊണ്ടുമാത്രം പരിഹരിക്കാവുന്ന ഒന്നല്ല മയക്കുമരുന്നിനെതിരെയുളള പോരാട്ടമെന്നും അതിന് ബോധവത്കരണപ്രവര്‍ത്തനങ്ങളും കൂട്ടായ പരിശ്രമങ്ങളും വേണമെന്നുള്ള തിരിച്ചറവിലേക്കാണ് അനതര്‍ ജേര്‍ണി പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. മയക്കുമരുന്നിനെതിരെയുളള പോരാട്ടങ്ങളുടെ ഭാഗമായി ആവിഷ്കാര്‍ ട്രസ്റ്റ് ഒരുക്കുന്ന ഹ്രസ്വചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് അനതര്‍ ജേര്‍ണി. നേരത്തെ തൃശൂര്‍ സിറ്റി പോലീസിനുവേണ്ടി ബീന ഗോപിനാഥ് സംവിധാനം ചെയ്ത “ലാസ്റ്റ് കോള്‍” എന്ന സിനിമയും  ഐ വിഷന്‍ സ്റ്റുഡിയോവിനുവേണ്ടി ‘ഇനി ഞാന്‍ പറയട്ടെ” എന്ന സിനിമയും ആവിഷാകാര്‍ അവതരിപ്പിച്ചിരുന്നു.

ഈ സിനിമകള്‍ തൃശൂരിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തെ മികച്ച സന്നദ്ധസംഘടനക്കുള്ള സര്‍ക്കാര്‍ പുരസ്കാരവും ലഭിച്ചിരുന്നു. നടനും സംവിധായകനുമായ  എം.ജി ശശി, സുനില്‍ സുഗത, അഭിനേതാക്കളും സംവിധായകരുമായ സുര്‍ജിത്, രാജേഷ്‌മേനോന്‍ തുടങ്ങിയവരോടൊപ്പം സനൂപ്, അഭിലാഷ്, ശ്രീലക്ഷ്മി, അശ്വതി, ഗൗരി, സംഗീത തുടങ്ങിയവരും എക്‌സൈസ് അക്കാദമിയിലെ ട്രെയിനികളും അനതര്‍ ജേര്‍ണി എന്ന ഹ്രസ്വസിനിമയില്‍ അഭിനയിക്കുന്നു. ഹേനചന്ദ്രന്റേതാണ് കഥ. തിരക്കഥ മാധ്യമപ്രവര്‍ത്തകനായ സജിമോന്റേതാണ്. എഡിറ്റിംഗ് റിയാസും സംഗീതം റിജോഷും ഗാനരചന എം.എസ് കൊളത്തൂരും നിര്‍വ്വഹിച്ചിരിക്കുന്നു. മഹാദേവനാണ് ഗാനാലാപനം. വിനോദ് എം രവിയാണ് സഹസംവിധാനം.

Related posts