അനധികൃത നിര്‍മാണം പരിശോധിക്കാനെത്തിയ പഞ്ചായത്ത് അധികാരികളെ മര്‍ദിച്ച സംഭവം: രണ്ടുപേരെ അറസ്റ്റു ചെയ്തു

ALP-MARDANAMCHRYചങ്ങനാശേരി: വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒരു കമ്പനി നടത്തിയ അനധികൃത നിര്‍മാണം പരിശോധിക്കാനെത്തിയ വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചങ്ങങ്കരി, അംഗങ്ങളായ മിനി വിജയകുമാര്‍, അനിയന്‍കുഞ്ഞ് എന്നിവരെ മര്‍ദിച്ച കേസില്‍ കമ്പനി ജീവനക്കാരായ രണ്ടുപേരെ ചങ്ങനാശേരി പോലീസ് അറസ്റ്റു ചെയ്തു. കാര്‍ത്തികപ്പള്ളി വിജയഭവനത്തില്‍ കിരണ്‍ (33), തൊടുപുഴ പന്നിമറ്റം വാടയില്‍ സിബി (35) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ജനപ്രതിനിധികളെ മര്‍ദിച്ചതിനും പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി കണ്ണവട്ട-വേട്ടടിത്തോട് പുറമ്പോക്ക് കൈയേറി നിര്‍മാണം നടത്തിയെന്ന ആരോപണം പരിശോധിക്കാനാണ് അധികൃതര്‍ സ്ഥലത്തെത്തിയത്. അനധികൃത നിര്‍മാണം ചോദ്യം ചെയ്തത ിനെചൊല്ലി പഞ്ചായത്തംഗങ്ങളും കമ്പനി ജീവനക്കാരും തമ്മില്‍ തര്‍ക്കവും കൈയേറ്റവും ഉണ്ടാകുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റവരെയും കമ്പനി ജീവനക്കാരായ ജോയി, അനില്‍ എന്നിവരെയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തോട് പുറമ്പോക്ക് കൈയേറിയിട്ടില്ലെന്നും സ്ഥലം തങ്ങളുടെ ആധാരത്തിലുള്ളതാണെന്നുമാണ് കമ്പനി മാനേജ്‌മെന്റ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെയും അംഗങ്ങളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വാഴപ്പള്ളി പഞ്ചായത്തിലെ 12,13 വാര്‍ഡുകളിലും വാഴൂര്‍ റോഡില്‍ കുരിശുംമൂട് മുതല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് വരെയും സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.

Related posts