അനന്തുവിനും അനുസുഭാഷിനും വേണ്ടി പാട്ടു വണ്ടിയുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍

kkd-songകുറ്റിയാടി: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ തൊട്ടില്‍പാലത്തെ അനു സുഭാഷിനും, ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുന്ന പശുക്കടവ് ലിറ്റില്‍ ഫഌവര്‍ യുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയുമായ അനന്തുവിനും കാരുണ്യത്തിന്റെ സഹായ ഹസ്തം തീര്‍ത്ത് പാട്ടുവണ്ടിയുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ മാതൃകയാകുന്നു.

സ്പന്ദനം വാട്ട്‌സ്ആപ്പ് കൂട്ടായ്മ തൊട്ടില്‍പാലവും കനിവ് സാംസ്കാരിക വേദി കോതോടും സംയുക്തമായാണ് കരള്‍മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്ന അനുവിനും അനന്തുവിനും സാമ്പത്തിക സഹായം എത്തിക്കാനായി നാട്ടിലെ യുവ ഗായികാ- ഗായകന്മാരെ കോര്‍ത്തിണക്കി പാട്ടുവണ്ടിയുമായി പ്രയാണം നടത്തുന്നത്. കുറ്റിയാടി- നാദാപുരം- പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പാട്ടുവണ്ടി റോഡ് ഷോ അവതരിപ്പിച്ചു. ഉദാരമതികളായ ആളുകളില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് പാട്ടുവണ്ടി പ്രയാണം തുടരുകയാണ്.

പാട്ടുവണ്ടിയുടെ ഉദ്ഘാടനം മൊകേരിയില്‍ മുന്‍ എംഎല്‍എ കെ.കെ. ലതിക നിര്‍വഹിച്ചു. രഞ്ജിത്ത് കോതോട് അധ്യക്ഷത വഹിച്ചു. കെ. ശശീന്ദ്രന്‍, മനോജ് മരുതേരി, എ.എം.നാണു, മഹേഷ് കരിങ്ങാട്, പ്രിയേഷ് കോതോട്, മുരളി തൊട്ടില്‍പാലം, ബഗീഷ്, അമല്‍, കെ.നിപിന്‍, പപ്പന്‍ കോതോട്, സി.പി.വിപിന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts