അനില്‍കുമാറിനും വിനേഘയ്ക്കും ജില്ലാ കളക്ടറുടെ സഹായഹസ്തം

pkd-collectorപാലക്കാട്: പണമില്ലാത്തതിന്റെ പേരില്‍ ലോക മാസ്റ്റേഴ്‌സ് മീറ്റ് അഞ്ചാം തവണ നഷ്ടമായ വി കെ അനില്‍കുമാറിന് ഇത്തവണ മീറ്റില്‍ പങ്കെടുക്കുവാന്‍ ജില്ലാ കലക്റ്ററുടെ സഹായ ഹസ്തം. രണ്ട് ലക്ഷം രൂപയാണ് ജില്ലാ കലക്റ്റര്‍ പി മേരിക്കുട്ടി സഹായധനമായി നല്കിയത്. കൂടാതെ കരിമ്പുഴ ഹെലന്‍കെല്ലര്‍ ബ്ലൈന്‍ഡ് സ്കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥി വിനേഘക്ക് ചികിത്സ സഹായമായി 50,000 രൂപയും ജില്ലാ കലക്റ്റര്‍ കൈമാറി. കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റിഡന്റെ സഹായത്തോടെയാണ് തുക സമാഹരിച്ചത്.

ഒസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് പണം ഇല്ലാതെ ബുദ്ധിമുട്ടിയപ്പോഴാണ് മുണ്ടൂര്‍ നൊച്ചുപ്പുള്ളി വളയക്കാട് സ്വദേശി അനില്‍കുമാര്‍ ജില്ലാ കലക്റ്ററെ കണ്ട് പ്രശ്‌നം ഉന്നയിച്ചത്. ഏകദേശം രണ്ട് ലക്ഷം രൂപയാണ് ഇതിനായി വേണ്ടി വരുക. ഈ തുകയാണ് കലക്റ്റര്‍ കൈമാറിയത്.

പെര്‍ത്തില്‍ നിന്നും ഒരു മെഡലുമായി തിരിച്ചെത്തുമെന്ന ഉറപ്പ് നല്കിയാണ് അനില്‍ വേദി വിട്ടത്.മുതലമട പഞ്ചായത്തിലെ പറയമ്പള്ളം വീട്ടില്‍ ചെത്ത് തൊഴിലാളിയായ വിജയകുമാര്‍ അംബിക ദമ്പതികളുടെ മകളാണ് വിനേഘ. ഒന്നര വയസ്സില്‍ കാഴ്ച കുറവ് അനുഭവപ്പെടുകയും പിന്നീട് പൂര്‍ണ്ണ അന്ധയായി മാറുകയാണുണ്ടയത്. ഇവരുടെ ചികിത്സ സഹായത്തിനായിട്ടാണ് തുക നല്കിയത്.കളക്ടറേറ്റ് ചേംബറില്‍ നടന്ന പരിപാടിയില്‍ എഡിഎം എസ് വിജയന്‍, കളക്ടറേറ്റ് ജീവനക്കാര്‍ പങ്കെടുത്തു.

Related posts