ഇറ്റാര്‍സി: അനുവാദമില്ലാതെ കുപ്പിയില്‍നിന്ന് വെള്ളം കുടിച്ചെന്നാരോപിച്ച് യുവാവിനെ ട്രെയിനിന്റെ ജനാലയില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കഴിഞ്ഞ 25 ന് രാത്രി 11 ന് പാറ്റ്‌ന-ലോക്മാന്യതിലക് എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. സുമിത് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ഇയാള്‍ അനുമതിയില്ലാതെ വെള്ളം കുടിച്ചെന്നാരോപിച്ച് മൂന്നു യുവാക്കള്‍ ചേര്‍ന്നാണ് മര്‍ദിച്ചത്.
സുമിതിനെ യുവാക്കള്‍ വലിച്ചിഴച്ച് ട്രെയിനിന്റെ വാതലിന് സമീപത്തേക്ക് കൊണ്ടുവന്നു. ഈ സമയം യുവാക്കള്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയിരുന്നു. സുമതിനെ ട്രെയിനിന്റെ പുറത്തേക്ക് കൊണ്ടുവന്ന് ജനാലയോട് ചേര്‍ത്ത് കെട്ടുകയും ചെയ്തു. അല്‍പ സമയത്തിനകം ഈ സംഭവമൊന്നും അറിയാത്ത ലോക്കോപൈലറ്റ് ട്രെയിന്‍ മുന്നോട്ടെടുത്തു. ട്രെയിന്‍ ഇറ്റാര്‍സിവരെ നിര്‍ത്താതെ നാലു മണിക്കൂറാണ് സഞ്ചരിച്ചത്. ഈ സമയം അത്രയും ട്രെയിനിന്റെ ജനാലയില്‍ സുമിത് തൂങ്ങിക്കിടക്കുകയായിരുന്നു.
ഇറ്റാര്‍സിയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ യുവാക്കള്‍ ചാടി ഇറങ്ങി സുമതിനെ വീണ്ടും മര്‍ദിച്ചു. നിലവിളികേട്ട് ആളുകള്‍ സംഘടിച്ച് യുവാക്കളില്‍ നിന്ന് സുമതിനെ രക്ഷപ്പെടുത്തുകയായിരുന്നു. പാറ്റ്‌ന സ്വദേശികളായ യുവാക്കളാണ് സുമിതിനെ മര്‍ദിച്ചത്. ഇവര്‍ മുംബൈയിലേക്ക് മത്സര പരീക്ഷയ്ക്കായി പോകുകയായിരുന്നു. സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.