ഗുരുവായൂര്‍: ഉത്തരേന്ത്യന്‍ നൃത്തമായ കഥകിനേയും ഒഡീസിയേയും സ്വയാത്തമാക്കാന്‍ അനൂപിന് തന്റെ കഷ്ടപ്പാടും ദാരിദ്ര്യവും തടസമായില്ല. കഥക്, ഒഡീസി പോലുള്ള നൃത്തങ്ങള്‍ അഭ്യസിക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് ചിലവ്. മലയാളികള്‍ കടന്നുവരാത്ത ഉത്തരേന്ത്യന്‍ നൃത്തമാണ് അനൂപ് കഷ്ടപ്പെട്ട് പഠിച്ചത്. താന്‍ പഠിച്ച നൃത്തരൂപം ഗുരുവായൂരില്‍ പരിചയപെടുത്താനാരൊരുങ്ങുകയാണ് അനൂപ്. ഏപ്രില്‍ എട്ടുമുതല്‍ 22വരെ നഗരസഭ ലൈബ്രറിഹാളിലാണ് ശില്‍പ്പശാല.
ഗുരുവായൂര്‍ ചൂല്‍പ്പുറം കൊഴക്കി അനൂപാണ് തന്റെ ഇശ്ചാശക്തിയില്‍ ഉത്തരേന്ത്യയില്‍ താമസിച്ച്് നൃത്തപഠനം പൂര്‍ത്തീകരിച്ചത്. കൂലിപ്പണിക്കാരനായ അച്ചന് അനൂപിനെ ഉത്തരേന്ത്യയില്‍ അയച്ച് നൃത്തം അഭ്യസിപ്പിക്കാനുള്ള സാമ്പത്തീകശേഷി ഇല്ലായിരുന്നു. നൃത്തത്തോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ ഗുരുക്കന്മാര് അനൂപിനെ സൗജന്യമായി നൃത്തവും ശാസ്ത്രീയ സംഗീതവും പഠിപ്പിച്ചു.
ഇതിനിടയിലാണ് ഉത്തരേന്ത്യന്‍ നൃത്തമായ കഥകിനോടും ഒഡീസിയോടും പ്രണയമാവുന്നത്. ഗുരുക്കന്മാരെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ അനൂപ് വണ്ടിക്കൂലിക്കുള്ള പൈസ കടം വാങ്ങി ഉത്തരേന്ത്യന്‍ നൃത്തത്തില്‍ പ്രഗത്ഭരായ മംഗലാപുരം ഉദയകുമാര്‍, ഛത്തീസ്ഗഡിലെ പ്രിയ ശ്രീവാസ്തവ എന്നിവരുടെ അടുത്തെത്തി. അനൂപിന്റെ ആത്മാര്‍ത്ഥത അറിഞ്ഞ ഗുരുക്കന്മാര് ദക്ഷിണപോലും വാങ്ങാതെ അനൂപിനെ കഥകും ഒഡീസിയും അഭ്യസിപ്പിച്ചു. ചത്തീസ് ഗഡില്‍ തന്നെ അരങ്ങേറ്റം കുറിച്ച അനൂപ് ഒട്ടേറെ വേദികളില്‍ ഉത്തരേന്ത്യന്‍ നൃത്തം അവതരിപ്പിച്ചു. എംബിഎ ബിരുധദാരി കൂടിയാണ് അനൂപ്.