സെറ്റ് ചൂതാട്ടവുമായി ലോട്ടറി മാഫിയ

EKM-LOTTARYസ്വന്തം ലേഖകന്‍
തൃശൂര്‍: സംസ്ഥാനത്തു സെറ്റ് ചൂതാട്ടവുമായി ലോട്ടറി മാഫിയ രംഗത്ത്. കേരള സംസ്ഥാന ലോട്ടറി ടിക്കറ്റ് നമ്പറിന്റെ അവാസന നാലക്കം ഒരേ നമ്പരുള്ള സെറ്റാക്കിയാണു സെറ്റ് ചൂതാട്ടം നടത്തുന്നത്. 180 ടിക്കറ്റുകള്‍ വരെ ഇങ്ങനെ സെറ്റാക്കി വിപണിയിലെത്തിക്കുന്നുണ്ട്. കേരളത്തിലെ നാലു ലോട്ടറി ടിക്കറ്റ് മൊത്ത വ്യാപാരികളില്‍ ചിലരാണു സെറ്റ് ചൂതാട്ടത്തിനു പിന്നില്‍. തമിഴ്‌നാട്ടുകാരനായ മൊത്തവ്യാപാരിയാണു സൂത്രധാരന്‍. മൊത്തമായി വാങ്ങുന്ന ടിക്കറുകളില്‍നിന്ന് അവസാന നാലക്കം ഒരേനമ്പറുള്ള ടിക്കറ്റുകള്‍ തരംതിരിച്ചെടുത്താണു സെറ്റാക്കുന്നത്. വന്‍കിട ഏജന്‍സികള്‍ ടിക്കറ്റുകള്‍ സെറ്റുകളാക്കി പരസ്പരം കൈമാറുകയും സെറ്റുകളാക്കിയ ടിക്കറ്റുകള്‍ ചെറുകിട ഏജന്‍സികള്‍ക്കും ഇടപാടുകാര്‍ക്കും വില്‍ക്കുകയും ചെയ്യുന്നു.

മുപ്പതു രൂപ വിലയുള്ള 180 ടിക്കറ്റുള്ള സെറ്റിന് 5,400 രൂപയാണു ടിക്കറ്റു വാങ്ങുന്നവര്‍ നല്‍കേണ്ടത്. ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ ലഭിക്കുമെന്ന പ്രതീക്ഷയിലല്ല ഭാഗ്യാന്വേഷികള്‍ സെറ്റ് ടിക്കറ്റുകള്‍ വാങ്ങുന്നത്. അവസാന നാലക്ക നമ്പരിനുള്ള സമ്മാനത്തുക ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. വാങ്ങിയ ടിക്കറ്റിന്റെ അവസാന നാലക്ക നമ്പരിനാണു സമ്മാനമെങ്കില്‍ 180 ടിക്കറ്റുകള്‍ക്കുമായി ഒമ്പതു ലക്ഷം രൂപ ലഭിക്കും.     ആഴ്ചയില്‍ മൂന്നുദിവസം മുപ്പതു രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ പത്തു സീരീസുകളിലായി 75 ലക്ഷം എണ്ണമാണു വിറ്റഴിക്കുന്നത്. ആഴ്ചയില്‍ മൂന്നുദിവസം വില്‍പന നടത്തുന്ന അമ്പതു രൂപാ ടിക്കറ്റിനും സെറ്റു കച്ചവടമുണ്ട്.

അഞ്ചു സീരീസുകളിലായി 45 ലക്ഷം ടിക്കറ്റുകളാണ് വില്‍ക്കുന്നത്. ഇവയുടെ നൂറു ടിക്കറ്റുകള്‍വരെ സെറ്റാക്കുന്നുണ്ട്. നൂറു ടിക്കറ്റിന്റെ സെറ്റിന് അയ്യായിരം രൂപ മുടക്കണം. വാങ്ങിയ ടിക്കറ്റിനു അവസാന നാലക്ക നമ്പരിന്റെ ഭാഗ്യം വീണുകിട്ടിയാല്‍ അഞ്ചു ലക്ഷം രൂപയാണു സമ്മാനമായി ലഭിക്കുക. ചെറുകിട ഏജന്‍സികളേയും ഇടപാടുകാരേയും ആകര്‍ഷിക്കാന്‍ സെറ്റ് ടിക്കറ്റുകള്‍ ലഭ്യമാണെന്നു വന്‍കിട ഏജന്‍സികള്‍ വന്‍തോതില്‍ പ്രചാരം നടത്തുന്നുണ്ട്. സെറ്റ് ലോട്ടറി ടിക്കറ്റുകള്‍ക്ക് അടിമയായി ഓരോ ദിവസവും ടിക്കറ്റുകള്‍ വാങ്ങാന്‍ വന്‍തുക ചെലവാക്കി സമ്പാദ്യമെല്ലം തുലച്ചു പാപ്പരായവര്‍ ധാരാളമാണ്.

നാളെയെങ്കിലും തന്നെ ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയോടെയാണ് ഇക്കൂട്ടര്‍ സെറ്റ് ലോട്ടറി ചൂതാട്ടത്തിന് ഇരയാകുന്നത്. സെറ്റ് ലോട്ടറി ടിക്കറ്റുകള്‍ക്കു ഡിമാന്‍ഡ് വര്‍ധിച്ചതോടെ ചെറുകിട കച്ചവടക്കാര്‍ക്കും തിരിച്ചടിയായി. വന്‍കിടക്കാരില്‍നിന്നു സെറ്റുകള്‍ സംഘടിപ്പിച്ചെടുക്കാനുള്ള പ്രയാസമാണു കാരണം. സെറ്റു ടിക്കറ്റുകള്‍ക്കു കമ്മീഷന്‍ കുറവാണുതാനും. ചൂതാട്ടമായ സെറ്റ് ലോട്ടറി വില്‍ക്കാന്‍ തയാറായില്ലെങ്കില്‍ ലോട്ടറി ടിക്കറ്റ് കച്ചവടം പൊളിയുമെന്ന് അവസ്ഥയാണുള്ളതെന്നാണു ചെറുകിട കച്ചവടക്കാര്‍ പറയുന്നത്.

Related posts