അന്യംനിന്നു പോയ പച്ചക്കറികള്‍ ഉത്പ്പാദിപ്പിക്കാന്‍ കൃഷി വകുപ്പ് നേതൃത്വം നല്‍കുമെന്ന് മന്ത്രി

ALP-SUNILKUMARഅടൂര്‍: പ്രാദേശിക കിഴങ്ങു വര്‍ഗങ്ങള്‍ ഉള്‍പ്പെടെ അന്യംനിന്നു പോയ പച്ചക്കറികള്‍ ഉത് പാദിപ്പിക്കാന്‍ കൃഷി വകുപ്പ് നേതൃത്വം നല്‍കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. അടൂര്‍ പന്നിവിഴ സര്‍വീസ് സഹകരണബാങ്ക് അഗ്രോമെഷിനറി ബാങ്ക് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെല്‍വിത്തുകളുടെയും ഉത്പാദനം ഇത്തരത്തില്‍ വര്‍ധിപ്പിക്കും. എല്ലാത്തരം നെല്‍വിത്തുകളും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുകയും വിത്ത് ബാങ്ക് തയാറാക്കുകയും ചെയ്യും.

കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിനായി അഗ്രോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും. രണ്ടു മാസത്തിനകം തിരുവനന്തപുരം ആനയറയിലും തൃശൂരിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങും. കേരളത്തിലെ 159 ബ്ലോക്കുകളിലും അഗ്രോ സര്‍വീസ് കേന്ദ്രങ്ങള്‍ ആരംഭിക്കും.

ഓരോ മേഖലയിലെയും കൃഷിക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ വാങ്ങി കര്‍മ സേന രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് അഗ്രോ സര്‍വീസ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്. ഇവയുടെ ചുമതല ബാങ്കുകളെയോ മറ്റ് ഏജന്‍സികളെയോ ഏല്‍പ്പിക്കും. സഹകരണബാങ്കുകള്‍ക്കും ഇവയുടെ നേതൃത്വം ഏറ്റെടുക്കാം. വിവിധ ഏജന്‍സികള്‍ വാങ്ങിയ കാര്‍ഷികോപകരണങ്ങള്‍ ഇപ്പോള്‍ പലസ്ഥലത്തും കെട്ടിക്കിടക്കുകയാണ്. ഇങ്ങനെ കെട്ടിക്കിടക്കുന്ന ഉപകരണങ്ങളുടെ കൃഷി രജിസ്ട്രി തയാറാക്കും. ഇതിനായി കൃഷി എന്‍ജിനിയറിംഗ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

ചിറ്റയം ഗോപകുമാര്‍ എം എല്‍എ അധ്യക്ഷത വഹിച്ചു.  പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ് സമ്മാനങ്ങള്‍ നല്‍കി. പത്തനംതിട്ട സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഷാജി ജോര്‍ജ്, ബാങ്ക് പ്രസിഡന്റ് ആര്‍. സനല്‍കുമാര്‍, സെക്രട്ടറി ജി. മോഹനചന്ദ്രക്കുറുപ്പ്, പ്രിന്‍സിപ്പല്‍കൃഷി ഓഫീസറുടെ ചുമതല വഹിക്കുന്ന ഷൈല ജോസഫ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts