അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ആരംഭിച്ചു

KTM-BENGALIകൊട്ടാരക്കര: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ജില്ലാതല ഉത്ഘാടനം കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍  റൂറല്‍ എസ്പി അജിതാ ബീഗം നിര്‍വഹിച്ചു. പുനലൂര്‍ ജനമൈത്രി പോലീസ് 2013ല്‍ നടപ്പിലാക്കിയ പദ്ധതിയാണ് റൂറല്‍ ജില്ലയിലേക്ക് വ്യാപിപ്പിച്ചത്. ഇവിടെ രൂപകല്പന ചെയ്ത കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. യൂണിവേഴ്‌സല്‍ ബ്രദര്‍ഹുഡ് സേഫ്ടി മാനേജ്‌മെന്റ് സിസ്റ്റം (യുബിഎസ്എംഎസ്) എന്ന് പേരിട്ടിട്ടുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ആണ് ഇതിനായി രൂപകല്പന ചെയ്തിട്ടുള്ളത്.

കേരളത്തില്‍ വന്നെത്തുന്നവരുടെ  പേര്, മേല്‍വിലാസം, ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം, താമസസ്ഥലം, പോലീസ് സ്റ്റേഷന്‍, ഫോണ്‍ നമ്പര്‍, ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍, തൊഴിലുടമകളുടേയും, സ്ഥാപനങ്ങളുടേയും വിലാസവും, ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ് വെയറില്‍ വിവരം ശേഖരിക്കുന്നത്. തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും പദ്ധതിയുണ്ട്.

പുനലൂരില്‍ നേരത്തെ നടപ്പിലാക്കിയിരുന്നു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും  ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിവരികയാണ്. അന്യസംസ്ഥാന തൊഴിലാളികളിലെ കുറ്റവാളികളെ കണ്ടെത്താനും, തൊഴിലുടമകളില്‍ നിന്നും ഏജന്റുമാരില്‍ നിന്നും ഇവര്‍ക്കുണ്ടാകുന്ന ചൂഷണം തടയാനും ഈ പദ്ധതി വഴി കഴിയുമെന്നാണ് പോലീസ് കരുതുന്നത്. ഉദ്ഘാടന യോഗത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പി അശോകന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അനില്‍ദാസ്, സിഐ സുരേഷ്കുമാര്‍ ,  തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts