തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ദുരിതാശ്വാസ സഹായമായി 20 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 10 കോടി രൂപ കൊല്ലം ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. പരവൂര്‍ ദുരന്തത്തില്‍ കേരളത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നന്ദി പറഞ്ഞു. എല്ലാ സഹായവും ചെയ്ത് തന്ന കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു.
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ 1039 പേരെ ഇതുവരെ ചികിത്സിച്ചു. മരണമടഞ്ഞ 14 പേരെ തിരിച്ചറിയാനുണ്ട്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 27 പേരുടെ നിലഗുരുതരമാണ്. സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടേതടക്കം എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും. ഒരു സ്വകാര്യാശുപത്രി ദുരന്തത്തില്‍ പരിക്കേറ്റയാളില്‍ നിന്നും തുക ഈടാക്കിയെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അതേക്കുറിച്ച് അന്വേഷിച്ചു. ദുരന്തത്തില്‍ പരിക്കേറ്റതാണെന്ന കാര്യം ആശുപത്രി അധികൃതരെ അറിയിക്കാത്തതിനാലാണ് പണം ഈടാക്കിയത്. ആ പണം മടക്കി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നടത്തിയ അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി വിഎസ്.ശിവകുമാര്‍, ആരോഗ്യവകുപ്പ് സെക്രട്ടറി ഇളങ്കോവല്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്്, വിവിധ ഡോക്ടര്‍മാര്‍, എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.
കരിമരുന്ന് നിരോധനം പ്രായോഗികമാണോയെന്ന് പരിശോധിക്കും: ചെന്നിത്തല
ആലപ്പുഴ: കരിമരുന്നപ്രയോഗം പൂര്‍ണമായി നിയന്ത്രിക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴയില്‍ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. വെടിക്കെട്ടു നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച സര്‍വകക്ഷിയോഗം ചേരും. അനധികൃത പടക്കശാലകളില്‍ സംസ്ഥാനത്തൊട്ടാ കെ റെയ്ഡ് നടത്തും. വെടിക്കെട്ടിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഏതൊക്കെയാണെന്ന് വ്യക്തമാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കരിമരുന്നു പ്രയോഗം പോലീസിനു നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാ ണുള്ളത്. വീര്യം കൂടിയ കരിമരുന്നുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുമെന്നും ചെന്നിത്തല പറഞ്ഞു.