കോട്ടയം: ഓടകള്‍ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകള്‍ പൊട്ടിത്തകരുന്നതായി പരാതി. കോട്ടയം നഗരത്തിലെ ലൂര്‍ദ് പബ്ലിക് സ്കൂളിലേക്കു പോകുന്ന നേതാജി റോഡിലാണു സംഭവം. എംഎല്‍എ ഫണ്ടില്‍നിന്നും കലുങ്കുകളും ഓടകളും നിര്‍മിക്കുന്നതിനുവേണ്ടി അനുവദിച്ച 20ലക്ഷംരൂപ ഉപയോഗിച്ചു പിഡബ്ല്യുഡി കോണ്ട്രാക്ടര് കരാര്‍ എടുത്തു നിര്‍മിക്കുന്നതാണു ഇവിടെ കലുങ്കുകളും ഓടകളും.
സ്കൂള്‍ കുട്ടികളുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയില്‍ സ്ലാബുകള്‍ സ്ഥിരമായി പൊട്ടി തകരുന്നതു വന്‍ അപകടങ്ങള്‍ ഇടയാക്കുമെന്ന് യാത്രക്കാരും പരിസരവാസികളും പറയുന്നു. ഓടയ്ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകള്‍ തകരുന്നതു നിര്‍മാണത്തിലെ അപകാത മൂലമാണെന്നും ആക്ഷേപമുണ്ട്. കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചു സ്ലാബുകള്‍ നിര്‍മിക്കുമ്പോള്‍ ആവശ്യത്തിനു നനവു ലഭിക്കാത്തതാണ് വാഹനങ്ങള്‍ കയറുമ്പോള്‍ സ്ലാബുകള്‍ പൊട്ടി തകരാന്‍ കാരണമെന്നും പറയപ്പെടുന്നു.
സ്ഥിരമായി പൊട്ടിപ്പോകുന്ന സ്ലാബുകള്‍ നീക്കം ചെയ്തു ഉയര്‍ന്ന നിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന സ്ലാബുകള്‍ സ്ഥാപിക്കണമെന്നു യാത്രക്കാരും പരിസരവാസികളും ആവശ്യപ്പെട്ടു. സ്ലാബ് നിര്‍മാണത്തില്‍ അപകാതകള്‍ വരുത്തുന്ന കരാറുകാരനെതിരേ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ഉടന്‍ തന്നെ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാര്‍ പറഞ്ഞു.