ന്യൂഡല്‍ഹി: അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനി അഹമ്ദ് സായിയുടെ ജന്മദിനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും മറക്കില്ല. കാരണം മാസങ്ങള്‍ക്ക് മുമ്പ് അഷ്‌റഫ് ഗനിക്ക് ട്വിറ്ററിലൂടെ ജന്മദിനാശംസ നേര്‍ന്ന് മോദി പുലിവാലു പിടിച്ചിരുന്നു. മേയ് 19നാണ് അഷ്‌റഫ് ഗനിയുടെ ജന്മദിനം. ഇത്തവണ അദ്ദേഹത്തിന് കൃത്യമായി മോദി ട്വിറ്ററിലൂടെ ജന്മദിനാശംസ നേര്‍ന്നു. “ജന്മദിനാശംസകള്‍ നേരുന്നു. ഇത്തവണ ജന്മദിന ദിവസം കൃത്യമായി ലഭിച്ചു’ എന്നുമാണ് മോദി ട്വീറ്റ് ചെയ്തത്.
നേരത്തേ, ഫെബ്രുവരി 12ന് അഷ്‌റഫ് ഗനിക്ക് മോദി ട്വിറ്ററിലൂടെ അബദ്ധത്തില്‍ ജന്മദിനാശംസ നേര്‍ന്നിരുന്നു. ജന്മദിനത്തില്‍ താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു എന്നാണ് അന്ന് മോദി ട്വീറ്റ് ചെയ്തത്. മോദിയുടെ ട്വീറ്റിന് പിന്നാലെ ജന്മദിനാശംസ നേര്‍ന്നതിന് നന്ദി രേഖപ്പെടുത്തി അഷ്‌റഫ് ഗനി മറുപടി ട്വീറ്റ് ചെയ്തു. കൂടാതെ തന്റെ ജന്മദിനം മേയ് 19നാണെന്നും മോദിയെ ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു.