കോട്ടയം: കേരളത്തിന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ എസ്.എല്‍. നാരായണനു ചെസിലും പഠനത്തിലും ഒരുപോലെ മികവ്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയതിനു തൊട്ടുപിന്നാലെ ഇതാ മറ്റൊരു വലിയ നേട്ടം കൂടി നാരായണനെ തേടിയെത്തിയിരിക്കുന്നു. ഏഷ്യന്‍ ജൂണിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നാരായണനു രണ്ടാം സ്ഥാനം. ന്യൂഡല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പതാം റൗണ്ടില്‍ സെയ്ദ് ഖാലിദ് മസൂദിനോടു സമനില പാലിച്ച നാരായണന് ഏഴു പോയിന്റ് സ്വന്തമാക്കി.
ഇത്രതന്നെ പോയിന്റുള്ള ഇന്ത്യയുടെ തന്നെ അരവിന്ദ് ചിദംബരത്തിനാണ് ഒന്നാം സ്ഥാനം. നാരായണനും അരവിന്ദും ഏറ്റുമുട്ടിയപ്പോള്‍ വിജയം അരവിന്ദിനൊപ്പം നിന്നതാണ് നാരായണനും വിനയായത്. അവസാന മത്സരത്തില്‍ അരവിന്ദ് വിജയിക്കുകയും ചെയ്തു. എട്ടു റൗണ്ട് അവസാനിക്കുമ്പോള്‍ നാരായണന് 6.5 പോയിന്റും അരവിന്ദിന് 6 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ നാരായണനു സമനിലയായിപ്പോയി.
ആലുവ സ്വദേശി ജി.എന്‍. ഗോപാലിനു ശേഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യമലയാളിയാണ് തിരുവനന്തപുരം സ്വദേശി നാരായണന്. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് നാരായണന്. ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന പദവിയും ഈ പതിനേഴുകാരനു സ്വന്തമാണ്. കഴിഞ്ഞ വര്‍ഷം പൂനയില്‍ നടന്ന ഫെഡെ അണ്ടര്‍ 20 ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് നാരായണന് ആദ്യമായി ഗ്രാന്‍ഡ്മാസ്റ്റര്‍ നോം ലഭിക്കുന്നത്.
15-ാം വയസില്‍ത്തന്നെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പട്ടം സ്വന്തമാക്കിയ നാരായണന് യുക്രെയിന് കോച്ച് അലക്സാണ്ടര്‍ ഗോളോഷപോവിന്റെയും ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രവീണ്‍ തിപ്സെയുടെയും കീഴിലാണ് പരിശീലിക്കുന്നത്. സുനില്‍ദത്തിന്റെയും ലൈനയുടെയും മകനാണ്. കഴിഞ്ഞ വര്‍ഷം ഫിലിപ്പീന്‍സില്‍ നടന്ന ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ്മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനത്തെത്തിയ താരമാണ് നാരായണന്.