കളമശേരി: 25000 രൂപയുടെ അമിത വാട്ടര്‍ ബില്‍ മുഴുവന്‍ അടച്ചില്ലെന്ന പേരില്‍ നിര്‍ധന കുടുംബത്തിന്റെ കുടിവെള്ള കണക്ഷന്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചതായി പരാതി. പോട്ടച്ചാല്‍ നഗറില്‍ വലിയ പറമ്പില്‍ അബ്ദുള്‍ അസീസിന്റെയും കുടുംബത്തിന്റെയും വാട്ടര്‍ കണക്ഷനാണ് നാലുമാസം മുമ്പ് നല്‍കിയ ബില്ലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചത്.ഇതിനെ തുടര്‍ന്ന് പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും അയല്‍ വീട്ടുകാരെ ആശ്രയിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് ഈ നാലംഗ കുടുംബം. നാലു മാസം മുന്‍പ് 25000 യുടെ ബില്ല് വന്നപ്പോള്‍ വാട്ടര്‍ അഥോറിറ്റി ഓഫീസില്‍ നിരന്തരം കയറിയിറങ്ങിയിരുന്നു. പൈപ്പ് പൊട്ടി ഒഴുകി പോയതാണ് കനത്ത ബില്ല് ലഭിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
മാസങ്ങള്‍ തുടര്‍ച്ചയായി ചെന്നപ്പോള്‍ 18 698 രൂപയായി കുറച്ചു നല്‍കി. മൂന്നു തവണയായി അടച്ചു തീര്‍ക്കാനും അറിയിച്ചു. ഇതു പ്രകാരം ഏപ്രില്‍ 25ന് അസീസിന്റ ഭാര്യ കുറച്ച് തുക അടച്ചിരുന്നു. എന്നാല്‍ ഇന്നലെ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ എത്തി വീട്ടുകാരെ അറിയിക്കാതെ കുടിവെള്ള പൈപ്പ് മുറിച്ചുമാറ്റുകയും മീറ്റര്‍ അഴിച്ചെടുക്കുകയുമായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി വെള്ളം കിട്ടാന്‍ മറ്റു മാര്‍ഗമില്ലന്നും ഉടന്‍ കുറച്ച് പണം കൂടി അടക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ലെന്ന് അസീസിന്റെ ഭാര്യ ഹസീന പറഞ്ഞു.
രേഗിയായതിനാല്‍ ജോലിക്കു പോകാതെ വീട്ടില്‍ കഴിയുന്ന അസീസിന്റെ ഭാര്യ വീട്ടുജോലിക്കു പോയാണ് കുടുംബം പോറ്റുന്നത്. വാട്ടര്‍ കണക്ഷന്‍ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി അഥോറിറ്റി ഓഫീസിലെത്തിയ ഹസീനയോട് 5000 രൂപ അടച്ചാല്‍ റീ കണക്ഷന്‍ നല്‍കാമെന്നാണിപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ നിര്‍ധന കുടുംബത്തില്‍ നിന്ന് നേരിട്ട് തുകയൊന്നും ലഭിക്കാത്ത സ്ഥിതിക്ക് പ്ലംബര്‍ വഴി പണം വാങ്ങിയെടുക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നാണ് സൂചന.