കൊയിലാണ്ടി: അവധിക്കാലം ആഘോഷിക്കാനെത്തിയ അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ചു. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന എട്ട് മലയാളി കുടുംബങ്ങളാണ് കൊയിലാണ്ടി നെസ്റ്റില്‍ എത്തിയത്. പത്രവാര്‍ത്തകളിലൂടെയും മറ്റുമാണ് ഇവര്‍ നെസ്റ്റിനെക്കുറിച്ച് മനസിലാക്കിയത്. തുടര്‍ന്ന് അവര്‍ കുട്ടികള്‍ക്കൊപ്പം വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
നെസ്റ്റ് കെയര്‍ ഫൗണ്ടേഷന് എന്ന പേരില്‍ അമേരിക്കയില്‍ സംഘടന രൂപവത്കരിച്ച് തങ്ങളുടെ സഹകരണം തുടരുമെന്ന് അവര്‍ പറഞ്ഞു. നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററിന് അവര്‍ പിന്തുണയും സഹകരണവും ഉറപ്പ് നല്കി. ബഷീര്‍ മുസ്തഫ, ഫൈസല്‍ പൊന്നമ്പത്ത്, സംഘടനാ പ്രതിനിധികളായ അര്‍ഷാദ്, ഫൈസല്‍, ഉബൈദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം.