തിരുവനന്തപുരം : അരുവിക്കരക്കാര്‍ എംഎല്‍എയെ തെരഞ്ഞെടുക്കാന്‍ പോളിംഗ് ബൂത്തിലേക്കു പോയിട്ട് കഷ്ടിച്ചു പതിനൊന്നു മാസമേ ആയുള്ളു. ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പു വരുമ്പോള്‍ പതിനൊന്നു മാസം മുമ്പെടുത്ത തീരുമാനം തിരുത്തേണ്ടതുണ്ടോ എന്നാകും അരുവിക്കരയ്ക്കു ചിന്തിക്കേണ്ടത്. തുടക്കത്തില്‍ ആര്യനാടിനെയും പിന്നീടു രൂപം മാറി വന്ന അരുവിക്കരയെയുമായി കാല്‍ നൂറ്റാണ്ടു പ്രതിനിധീകരിച്ച ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു 2015 ജൂണ്‍ 27 ന് ഉപതെരഞ്ഞെടുപ്പു നടന്നത്. കേരളം കണ്ട ഏറ്റവും വാശിയേറിയ ഉപതെരഞ്ഞെടുപ്പുകളിലൊന്നായിരുന്നു ഇവിടെ അരങ്ങേറിയത്. ഫലം വന്നപ്പോള്‍ ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ്. ശബരീനാഥന്‍ 10,128 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഭരണപക്ഷം ഒട്ടേറെ വെല്ലുവിളികളെ നേരിട്ടു കൊണ്ടിരുന്ന സമയത്തായിരുന്നു ഉപതെരഞ്ഞെടുപ്പു നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി തെരഞ്ഞെടു പ്രചാരണത്തിനിറങ്ങിയപ്പോള്‍ മറുവശത്ത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തിയും പിണറായി വിജയന്‍ അണിയറയില്‍ നിന്നും പ്രചാരണം നയിച്ചു. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ യുഡിഎഫിനു വെല്ലുവിളിയായിരുന്നെങ്കില്‍ ജി. കാര്‍ത്തികേയന്റെ മരണം സൃഷ്ടിച്ച സഹതാപ അന്തരീക്ഷം അവര്‍ക്കു ഗുണകരമായി.
ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ കെ.എസ്. ശബരീനാഥന്‍ സഹതാപതരംഗം ലക്ഷ്യമിട്ടല്ല മത്സരരംഗത്തുള്ളത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ കൈവരിച്ച വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുവ എംഎല്‍എ ഇത്തവണ ജനങ്ങളെ അഭിമുഖീകരിക്കുന്നത്.ഉപതെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രമുഖനായ നേതാവായ എം. വിജയകുമാറിനെ രംഗത്തിറക്കിയ സിപിഎം ഇത്തവണ ജില്ലാ നേതാവായ എ.എ. റഷീദിനെയാണ് മണ്ഡലം പിടിക്കാന്‍ കളത്തിലിറക്കിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിലൂടെ അദ്ഭുതകരമായ മുന്നേറ്റം നടത്തിയ ബിജെപിയാകട്ടെ ചലച്ചിത്ര സംവിധായകനായ രാജസേനനെ രംഗത്തിറക്കി കുതിപ്പു തുടരാമെന്ന കണക്കുകൂട്ടലിലാണ്.
ഉപതെരഞ്ഞെടുപ്പിനു പിന്നാല നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ അരുവിക്കര, വിതുര, വെള്ളനാട്, പൂവച്ചല്‍ പഞ്ചായത്തുകളുടെ ഭരണം യുഡിഎഫ് നേടി. ആര്യനാട്, തൊളിക്കോട്, ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍ പഞ്ചായത്തുകളുടെ ഭരണം എല്‍ഡിഎഫും.അരുവിക്കരയില്‍ ഇത്തവണ ഭയപ്പെടാനൊന്നുമില്ലെന്നാണ് യുഡിഎഫിന്റെ പക്ഷം. ചുരുങ്ങിയ കാലയളവിലാണെങ്കിലും എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ ശബരീനാഥനു സാധിച്ചു. സ്ഥാനാര്‍ഥിത്വം ഉറപ്പായിരുന്നതിനാല്‍ നേരത്തെ പ്രചാരണരംഗത്തിറങ്ങാനു കഴിഞ്ഞു. മറുവശത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എ. റഷീദിന്റെ സ്ഥാനാര്‍ഥിത്വം പ്രാദേശിക തലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു
. ഏതായാലും എതിര്‍പ്പുകള്‍ പറഞ്ഞൊതുക്കി എല്‍ഡിഎഫും പ്രചാരണത്തില്‍ സജീവമായി കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മുന്നിലെത്തിയ കണക്കുകളിലാണ് അവരുടെ പ്രതീക്ഷ. അരുവിക്കരയില്‍ മുമ്പൊരിക്കലും കാര്യമായ സ്വാധീനം തെളിയിച്ചിട്ടില്ലാത്ത ബിജെപിക്ക് ഉപതെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നേടിയ 34,145 വോട്ടുകളിലാണു പ്രതീക്ഷ.. സിനിമ സംവിധായകന്‍ രാജസേനനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ഇക്കുറി അതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതാണ് ബിജെപിയുടെ ഉന്നം.