സാന്താക്ലാര(കലിഫോര്‍ണിയ): സൂപ്പര്‍ താരം ലയണല്‍ മെസിയെ പുറത്തിരുത്തി കളിച്ചിട്ടും ചിലിക്കെതിരേയുള്ള ആവേശപ്പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കു ജയം. കോപ്പ അമേരിക്ക സെന്റിനാരിയോ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിലാണ് അര്‍ജന്റീന വിജയക്കൊടി പാറിച്ചത്. കഴിഞ്ഞവര്‍ഷം കോപ്പ അമേരിക്ക ഫൈനലില്‍ ചിലയോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്ന അര്‍ജന്റീനയ്ക്ക് വിജയം മധുരപ്രതികാരം കൂടിയായി. ഏയ്ഞ്ചല്‍ ഡി മരിയ (51), എവര്‍ ബെനേഗ (59) എന്നിവരിലൂടെയാണ് അര്‍ജന്റീന ജയിച്ചു കയറിയത്. 90+3 മിനിറ്റില്‍ ചിലി ഹൊസെ ഫ്വെന്‍സാലിഡയിലൂടെ ആശ്വാസം കണെ്ടത്തുകയും ചെയ്തു.
കോപ്പ അമേരിക്കയ്ക്കു മുമ്പ് ഹോണ്ടുറാസിനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ പരിക്കേറ്റ മെസിയെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്താതെയാണ് ജെറാര്‍ഡ് മാര്‍ട്ടിനോ ടീമിനെ തയാറാക്കിയത്. മെസിക്കു പകരം നിക്കോളസ് ഗെയ്റ്റന്‍ ആ സ്ഥാനത്തേക്കുവന്നു. ഗെയ്റ്റനൊപ്പം ഏയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വെയന്‍ എന്നിവരായിരുന്നു മുന്‍നിരയില്‍. ഡി മരിയ-ഗെയ്റ്റന്‍ സഖ്യത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. രണ്ടാം മിനിറ്റില്‍ ഗെയ്റ്റന്റെ ഹെഡര്‍ ക്രോസ് ബാറിന്റെ മുകളിലൂടെ പറന്നു. ചിലിയുടെ പ്രതിരോധം പാളിയെന്നു മനസിലാക്കിയ ഗെയ്റ്റനും ഡി മരിയയും മുന്നേറ്റം തുടര്‍ന്നു. എട്ടാം മിനിറ്റില്‍ ഡി മരിയ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്നും തൊടുത്ത ഇടംകാലന്‍ അടി പുറത്തേയ്ക്കുപോയി. അര്‍ജന്റീനയുടെ തുടര്‍ച്ചയായ മുന്നേറ്റത്തിനു മുന്നില്‍ ചിലിയുടെ പ്രതിരോധം ഉലഞ്ഞു.
17ാം മിനിറ്റില്‍ റാമിറോ ഫ്യൂനസ് മോറിയുടെ ഷോട്ടിനെ ചിലിയന്‍ ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോ രക്ഷപ്പെടുത്തി. 23 ാം മിനിറ്റില്‍ ഹിഗൈ്വന്റെ ചിലിയന്‍ പ്രതിരോധത്തില്‍ തട്ടി പുറത്തേക്കു പോയി. ഇതേത്തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ കിക്ക്് എടുത്തത് ഡി മരിയ. പ്രതിരോധക്കാരുടെ മാര്‍ക്കിംഗ് ഒന്നുമില്ലാതെ നിന്ന മാര്‍ക്കോസ് റോഹോയുടെ തലയില്‍ കൃത്യമായി പന്തെത്തിയെങ്കിലും ഗോളാക്കാനായില്ല. 29-ാം മിനിറ്റിലാണ് ചിലിയില്‍നിന്നും ഒരു മുന്നേറ്റം വന്നത്. അര്‍തുറോ വിദാലിന്റെ പാസില്‍ അലക്‌സിസ് സാഞ്ചസ് വല ലക്ഷ്യമാക്കി പായിച്ച വലം കാലന്‍ അടി സെര്‍ജിയോ റൊമേരോ തട്ടിയകറ്റി. സാഞ്ചസിന്റെ ഫ്രീകിക്ക് റൊമേരോ പിടിച്ച് അര്‍ജന്റീനയുടെ വലകാത്തു. അങ്ങനെ ആദ്യ പകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചിലിയന്‍ താരങ്ങള്‍ കളിയുടെ നിയന്ത്രണം തിരികെപ്പിടിച്ചു. ഗോണ്‍സാലോ ഹാരയുടെയും സാഞ്ചസിന്റെയും മുന്നേറ്റങ്ങള്‍ ഗോള്‍കീപ്പറിലും അര്‍ജന്റൈന്‍ പ്രതിരോധത്തിലും തട്ടി തെറിച്ചു. എന്നാല്‍, പെട്ടെന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. വെറും ആറു മിനിറ്റിനുള്ളില്‍ ഡി മരിയയിലൂടെ അര്‍ജന്റീന മുന്നിലിലെത്തി. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പന്ത് കൈയടക്കിയ ബനേഗ ബോക്‌സിനുള്ളില്‍ നിന്ന ഡി മരിയയ്ക്ക് അതു മറിച്ചു നല്‍കി. ഡി മരിയയുടെ വണ്‍ ടച്ച് ഷോട്ട് ബ്രാവോയെ മറികടന്ന് വലയ്ക്കുള്ളിലായി. ഫാബിയന്‍ ഒറേലാനയിലുടെ തിരിച്ചടിക്കാനുള്ള ചിലിയുടെ ശ്രമം റൊമേരോ തകര്‍ക്കുകയും ചെയ്തു. വൈകാതെ ആദ്യഗോളിനു വഴിയൊരുക്കിയ ബെനേഗ ലക്ഷ്യംകണ്ടു.
ഡി മരിയയാണ് ഗോളിനുള്ള പാസ് നല്‍കിയത്. ബെനേഗയുടെ ഇടംകാലന്‍ ഷോട്ട് വലയ്ക്കുള്ളില്‍ തറച്ചുകയറി. 74-ാം മിനിറ്റില്‍ ഹിഗ്വെയിനെ പിന്‍വലിച്ച് പകരം സെര്‍ജിയോ അഗ്വേറോയെ ഇറക്കി. ഈ നീക്കം അര്‍ജന്റീനയുടെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തായി. 80-ാം മിനിറ്റില്‍ ഡി മരിയയ്ക്കു പകരം എറിക് ലാമെലയും കളത്തിലെത്തി. ഇഞ്ചുറി ടൈമില്‍ ലാമെല രണ്ടുതവണ നിറയൊഴിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. കളിതീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഫ്വെന്‍സാലിഡ ഒരു ഗോള്‍ മടക്കിയെങ്കിലും ആ ആവേശം തുടരാന്‍ മത്സരത്തില്‍ ചിലിക്കു കൂടുതല്‍ സമയമില്ലായിരുന്നു. ഒറേലാനയുടെ ഫ്രീകിക്കില്‍നിന്നുമാണ് ഗോളിനുള്ള അവസരം ലഭിച്ചത്.
പാനമയ്ക്കു ജയം
ഓര്‍ലാന്‍ഡോ: ബ്ലാസ് പെരെസിന്റെ ഇരട്ടഗോളില്‍ പാനമയ്ക്കു ജയം. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഗ്രൂപ്പ് ഡിയിലെ ആദ്യമത്സരത്തില്‍ ബൊളിവീയയെ ഒന്നിനെതിരെ രണ്ടു ഗോളിനു തകര്‍ത്ത് പാനമ കോപ്പ അമേരിക്കയില്‍ ആദ്യ ജയം നേടി. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് പാനമ യോഗ്യത നേടുന്നത്. 11-ാം മിനിറ്റില്‍ പെരെസിലൂടെ പാനമ മുന്നിലെത്തി. ഇതിനുശേഷം ഹുവാന്‍ ആര്‍തെ പാനമന്‍ പ്രതിരോധം കടന്ന് ഷോട്ടുകള്‍ പായിച്ചെങ്കിലും വല കുലുക്കാനായില്ല. 54-ാം മിനിറ്റില്‍ ആര്‍തെ ബൊളീവിയയ്ക്കു സമനില നല്‍കി. ഇതിനുശേഷം ഇരുഭാഗത്തുനിന്നുമുള്ള ഗോള്‍ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഇതോടെ മത്സരം സമനിലയിലേക്കെന്ന തോന്നല്‍ നല്‍കി. അതിനുള്ള അവസരം നല്കാതെ പെരെസ് തന്റെ രണ്ടാം ഗോളും വിജയ ഗോളും കണെ്ടത്തുകയായിരുന്നു.
ജയം തേടി ബ്രസീലും ഇക്വഡോറും
ഓര്‍ലാന്‍ഡോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഗ്രൂപ്പ് ബിയിലെ കരുത്തരായ ബ്രസീലും ഇക്വഡോറും ആദ്യ ജയം തേടി നാളെ ഇറങ്ങും. ആദ്യ മത്സരത്തില്‍ ബ്രസീല്‍ ദുര്‍ബലരായ ഹെയ്തിയെ നേരിടുമ്പോള്‍ ഇക്വഡോര്‍ പെറുവുമായി പോരാടും. ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളില്‍ ബ്രസീല്‍-ഇക്വഡോര്‍ മത്സരം ഗോള്‍രഹിതമാകുകയായിരുന്നു. എന്നാല്‍, പെറു ഏകപക്ഷീയമായ ഒരു ഗോളിനു ഹെയ്തിയെ പരാജയപ്പെടുത്തി ജയത്തോടെ തുടങ്ങുകയും ചെയ്തു. ഇക്വഡോറിനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും ബ്രസീലിനു പക്ഷേ ആ നീക്കങ്ങള്‍ ഗോളിലേക്കു കൊണ്ടുപോകാനായില്ല. നോക്കൗട്ടിലേക്കു കടക്കാന്‍ ബ്രസീലിന് നാളെ ജയിച്ചേ പറ്റൂ. മുന്‍നിരതാരങ്ങളായ നെയ്മര്‍, ഡഗ്ലസ് കോസ്റ്റ എന്നിവരില്ലാതെ കളിക്കുന്ന ബ്രസീലിനു മുന്‍നിരയില്‍ ഗോളിനായി കളിക്കാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്. ഇതെല്ലാം തിരുത്താനുള്ള അവസരമാണ് ഹെയ്തിയെ നേരിടുമ്പോള്‍ ബ്രസീലിനു ലഭിക്കുന്നത്. ഇക്വഡോറിനെതിരെ മികച്ച പ്രകടനം നടത്തിയ ഫിലിപ്പെ കുടിഞ്ഞോയും വില്യനും തിളങ്ങിയാല്‍ ബ്രസീലിന് ഗ്രൂപ്പില്‍ ആദ്യ ജയം സ്വന്തമാക്കാനാകും.
ചരിത്രവും ബ്രസീലിന് അനുകൂലമാണ് ഇതുവരെ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും മുന്‍ ചാമ്പ്യന്മാര്‍ക്കായിരുന്നു വിജയം. എതിരാളികള്‍ ദുര്‍ബലരാണെങ്കിലും അവരെ കുറച്ചുകാണുന്നില്ലെന്ന് ബ്രസീല്‍ പ്രതിരോധതാരം മാര്‍ക്വിഞ്ഞോ പറഞ്ഞു.പെറുവിനോടു പൊരുതിയാണ് ഹെയ്തി കീഴടങ്ങിയത്. രണ്ടാം മത്സരത്തിനിറങ്ങുന്ന ഇക്വഡോര്‍ ആദ്യമത്സരത്തില്‍ ബ്രസീലിനോടു പൊരുതി നേടിയ ഗോള്‍ റഫറിയുടെ തെറ്റായ തീരുമാനത്തെത്തുടര്‍ന്ന് ഗോളാകാതെ പോകുകയായിരുന്നു. അത് ഗോളായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. ലോകറാങ്കിംഗില്‍ ഇക്വഡോര്‍ പതിമൂന്നാമതും പെറു 48-ാം സ്ഥാനത്തുമാണ്. പെറുവിനെ നേരിടുന്ന ഇക്വഡോര്‍ ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. പെറുവാണെങ്കില്‍ ആദ്യ മത്സരം ജയിച്ച ആവേശത്തിലാണ് ഇക്വഡോറിനെ നേരിടാനൊരുങ്ങുന്നത്. കൗണ്ടര്‍ അറ്റാക്കിംഗിലാണ് ഇക്വഡോര്‍ പ്രധാനമായും ആശ്രയിക്കുന്നത്. അന്തോണിയോ വാലന്‍സി, എനര്‍ വാലന്‍സിയ എന്നിവര്‍ മികവിലെത്തിയാല്‍ ഇക്വഡോറിനെ തടഞ്ഞുനിര്‍ത്താന്‍ പെറു ബുദ്ധിമുട്ടും.