അഴിമതിക്കാര്‍ക്ക് കുടപിടിച്ചു കൊടുത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍

klm-panniyanraveendranകരുനാഗപ്പള്ളി: ഭൂമിതട്ടിപ്പില്‍ പ്രതിയായ ഗണ്‍മാന്റെ കുടക്കീഴില്‍ ഭരണം നയിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കരുനാഗപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആറുപേരെ അഴിമതിയുടെ പേരില്‍ പുറത്താക്കേണ്ടിവന്ന ഗതികെട്ട ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ഭരണത്തിന്‍ കീഴില്‍ സാധാരണക്കാരന് ലഭിക്കാത്ത സൗജന്യമാണ് അഴിമതിക്കാര്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പത്ത് കോടി കോഴ വാങ്ങിയ ബാബു അകത്തും ഒരു കോടി കോഴ വാങ്ങിയ മാണി പുറത്തും എന്നതാണ് സ്ഥിതി. കെപിസിസി പ്രസിഡന്റ് തന്നെ കരിമ്പട്ടികയില്‍പെടുത്തിയ മന്ത്രിമാരുമായാണ് ഉമ്മന്‍ചാണ്ടി മത്സരിക്കുന്നത്.അധികാരത്തില്‍ വന്നാല്‍ സ്വന്തം അക്കൗണ്ടുകള്‍ വഴി ഓരോരുത്തര്‍ക്കും ലക്ഷങ്ങല്‍ നല്‍കുമെന്ന് പറഞ്ഞ മോദിയുടെ വാക്കു വിശ്വസിച്ച പാവങ്ങള്‍ വിഢികളായി, മതാന്ധത വളര്‍ത്തി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് മോഡിയും കൂട്ടരും പയറ്റുന്നതെന്നും പന്ന്യന്‍ പറഞ്ഞു.

സിപിഎം ജില്ലാസെക്രട്ടേറിയറ്റ് അംഗം പി.ആര്‍.വസന്തന്‍ അധ്യക്ഷത വഹിച്ചു. സി.ദിവാകരന്‍എംഎല്‍എ, പി.കെ.ഗുരുദാസന്‍, കെ.പ്രകാശ്ബാബു, കെ.എന്‍.ബാലഗോപാല്‍, കെ.രാജഗോപാല്‍, പ്രദീബ്കുമാര്‍, ബി.മോഹനന്‍, ബേബി, സൂസന്‍കോടി, വിജയമ്മലാലി, ഷംസുദ്ദീന്‍ മുസ്ലിയാര്‍, ഫിലിപ്പോസ്, കമറുദ്ദീന്‍ മുസ്ലിയാര്‍, പി.കെ.ബാലചന്ദ്രന്‍, പി.ബി.സത്യദേവന്‍, ആര്‍.രാമചന്ദ്രന്‍, ആര്‍.സോമന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts