അഴിമതിക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: വിജിലന്‍സ് പോലീസ് സൂപ്രണ്ട്; വിജിലന്‍സിനെ വിളിക്കാനുള്ള ഫോണ്‍: 9447582426

kaikooliചങ്ങനാശേരി: അഴിമതിക്കെതിരെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അഴിമതി കണ്ടെത്തിയാല്‍ വിജിലന്‍സിനെ അറിയിക്കണമെന്നും വിജിലന്‍ പോലീസ് സൂപ്രണ്ട് വി.സുരേഷ്കുമാര്‍.വിജിലിന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോയുടെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അഴിമതിയാണ്. കാര്യസാധ്യത്തിനായി ഏതുതരം ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും മൂല്യമുള്ള സാധനങ്ങള്‍ കൈമാറുന്നതും അഴിമതിയുടെ പരിധിയില്‍പ്പെടുമെന്നും എസ്പി പറഞ്ഞു.

അധിക സ്വത്തുസമ്പാദനവും വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍പ്പെടുന്ന സംഗതിയാണ്. ഇടനിലക്കാര്‍ മുഖാന്തിരം ഉദ്യോഗസ്ഥര്‍ക്ക് പണം കൈമാറുതും കുറ്റകരമാണ്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥനൊപ്പം ഇടനിലക്കാരനും കുറ്റക്കാരനാണ്. പാസ്‌പോര്‍ട്ട് വേരിഫിക്കേഷന് വരുന്ന പോലീസിനും വിവിധ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അഴിമതിയുടെ പരിധിയില്‍പ്പെടും.

പൊതുമരാമത്ത് വര്‍ക്കുകളുടെ പേരില്‍ കരാറുകാരില്‍ നിന്നും ജനപ്രതിനിധികള്‍ വിഹിതം പറ്റുന്നതും അഴിമതിയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. റസിഡന്റ്‌സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് പ്രഫ.എസ്.ആനന്ദക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എ.യു.സനില്‍കുമാര്‍ ക്ലാസ് നയിച്ചു. ഡിവൈഎസ്പിമാരായ എസ്.അശോക് കുമാര്‍, പി.എന്‍.രമേശ് എന്നിവര്‍ പ്രസംഗിച്ചു. അഴിമതി സംബന്ധിച്ച ഈ ഫോണില്‍ വിജിലന്‍സിനെ വിളിക്കാം. 9447582426

Related posts