അഴിയൂരില്‍ വന്‍ വിദേശമദ്യ വേട്ട’; 630 കുപ്പി മദ്യവും കാറും സഹിതം യുവാവ് പിടിയില്‍

KKD-MADHYAMവടകര: അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ വിദേശ മദ്യവേട്ട. മാഹിയില്‍നിന്നു തൃശൂരിലേക്ക് കടത്തുകയായിരുന്ന 630 കുപ്പി വിദേശ മദ്യവും കാറും സഹിതം യുവാവ് പിടിയില്‍. തൃശൂര്‍ വടക്കാഞ്ചേരി കിച്ചൂര്‍ റിയാസാണ് (38) എക്‌സൈസ് പിടിയിലായത്. കെഎല്‍ 08 എ.ടി. 4358 നമ്പര്‍ ടാറ്റ ഇന്‍ഡിക്ക കാറിലാണ് ഇന്നലെ രാത്രി ഇയാള്‍ മദ്യം കടത്തിയത്. വാഹനത്തിന്റെ സീറ്റുകളിലും താഴേയുമായി 35 കെയ്‌സുകളിലായി 315 ലിറ്റര്‍ മദ്യമാണ് അടുക്കിവച്ചിരുന്നത്.

ഇതിനു മൂന്നു ലക്ഷത്തിലേറെ രൂപ വില വരും. വാഹനത്തില്‍ ഡ്രൈവര്‍ റിയാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈകാണിച്ച് നിര്‍ത്താതെ പോയ വാഹനം എക്‌സൈസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. തൃശൂരിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇയാള്‍ പറയുന്നുണ്ടെങ്കിലും കോഴിക്കോട് നഗരത്തിലേയും മലപ്പുറത്തേയും പ്രധാന കേന്ദ്രങ്ങളും ഇതില്‍പ്പെടുമെന്ന് എക്‌സൈസ് കരുതുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോഹരന്‍, പ്രിവന്റീവ് ഓഫീസര്‍ രമേശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാഗേഷ്ബാബു, ജലാലുദ്ദീന്‍, പ്രിയരഞ്ജന്‍ ദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related posts