അഴിയൂര്‍ സ്‌ഫോടനം: മരണം ബോംബ് ഉണ്ടാക്കുമ്പോഴല്ല

kkd-spodanamവടകര: അഴിയൂര്‍ കക്കടവില്‍ വിഷു ദിവസമുണ്ടായ സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടയില്‍ അല്ലെന്ന്  പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സംഭവ സ്ഥല പരിശോധനയും കണക്കിലെടുത്താണ് പോലീസ് ഈയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. ബോംബ് നിര്‍മാണത്തിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ തെറിച്ച ചീള് കഴുത്തില്‍ തറച്ചാണ് മരണം സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

ക്രിമിനലുകളുടെ വിഹാരകേന്ദ്രമായ കക്കടവു പ്രദേശം മുമ്പും ആയുധ സംഭരണത്തിനും ബോംബ് പരീക്ഷണത്തിനും ഉപയോഗിച്ചിട്ടുണ്ടെന്നും സ്‌ഫോടനത്തില്‍ കുപ്പിച്ചീളുകള്‍ ഉണ്ടായിരുന്നുവെന്നും അത് കൊണ്ട് സംശയത്തിനിട നല്‍കാത്ത വിധത്തിലുള്ള അന്വേഷണം വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പഴുതടച്ച അന്വേഷണത്തിലാണ് പോലീസ്. കഴുത്തിലേറ്റ മാരക മുറിവാണ് മരണത്തില്‍ കലാശിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് എങ്ങനെ ഉണ്ടായി എന്നതിലായിരുന്നു അവ്യക്തത. ബോംബ് നിര്‍മാണത്തിനിടയില്‍ അല്ലെന്ന് പോലീസിനു വ്യക്തമായിട്ടുണ്ട്. അപകടത്തില്‍ മരിച്ച രാഹുല്‍ജിത്ത് വീട്ടില്‍ ഉണ്ടാക്കിയ പടക്കം ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള കക്കടവിലെ വിജനമായ സ്ഥലത്ത് കൊണ്ടുവന്ന് പൊട്ടിക്കുകയായിരുന്നു. ഈ വെളിപ്പെടുത്തല്‍ ശരിയായിരുന്നുവെന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചോമ്പാല പോലീസിനു ബോധ്യപ്പെട്ടു. രണ്ടു സംഘങ്ങളായി തിരിഞ്ഞ പോലീസിലെ ഒരു കൂട്ടര്‍ രാഹുല്‍ജിത്തിന്റെ വീടും പരിസരവും പരിശോധിക്കുകയും മറ്റൊരു കൂട്ടര്‍ സംഭവ സ്ഥലം അരിച്ചുപെറുക്കുകയും ചെയ്തു. പടക്കം നിര്‍മിക്കുന്നതിനുള്ള ചാക്ക് നൂല്‍ ഉള്‍പെടെ വീട്ടില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.

ബോംബാണ് പൊട്ടിയതെങ്കില്‍ രാഹുല്‍ജിത്തിന്റെ മൃതശരീരത്തില്‍ നിന്നു ബോംബിന്റെ അവശിഷ്ടങ്ങളായ വെടിമരുന്ന്, ആണി, കുപ്പിച്ചില്ല്, കല്ല് എന്നിവ വല്ലതും ലഭിക്കേണ്ടിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ഇതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രാഹുല്‍ജിത്ത് തീ കൊളുത്തി എറിഞ്ഞ പടക്കം അവിടെ ഉണ്ടായിരുന്ന കുപ്പിയില്‍ തട്ടിയാണ് പൊട്ടിയതെന്നു കരുതുന്നു. ഇതേ തുടര്‍ന്ന് തെറിച്ച കുപ്പിച്ചീള് രാഹുല്‍ജിത്തിന്റെ കഴുത്തില്‍ തട്ടി പുറത്തേക്ക് പോയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. വായിലൂടെയും മൂക്കിലൂടെയും ചോര വാര്‍ന്നൊഴുകിയാണ് രാഹുല്‍ജിത്തിന്റെ മരണം. ദേഹത്ത് മറ്റൊരിടത്തും പരിക്കില്ല.

സംഭവ സ്ഥലം പരിശോധിച്ച പോലീസിന് ഇവിടെ നിന്ന് കുപ്പികളും കുപ്പി ചീളുകളും ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ബോംബ്് സ്ക്വാഡും സയന്റിഫിക് അസിസ്റ്റന്റും സ്ഥലം പരിശോധിച്ചപ്പോള്‍ സ്റ്റീളിന്റെ ചീള് കിട്ടിയിരുന്നു. ഇതാണ് സംശയത്തിന് ഇട നല്‍കിയിരിക്കുന്നത്. ഇത് മുമ്പ് എപ്പോഴോ നടന്ന സ്‌ഫോടനത്തിന്റെ ഫലമാണെന്നു പോലീസ് കരുതുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. മാഹി പുഴയോട് ചേര്‍ന്ന തുറസായ കക്കടവ് ഭാഗത്ത് യുവാക്കള്‍ പതിവായി കമ്പനി കൂടാറുണ്ട്. വിഷു ആഘോഷത്തിന്റെ ഭാഗമായി കമ്പിത്തിരിയും പൂക്കുറ്റിയും നിലച്ചക്രവും ഉള്‍പെടെ ധാരാളം പടക്കം പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ട്.

ഇതിന്റെ തുടര്‍ച്ചയായാണ് രാഹുല്‍ജിത്ത് വിഷുദിവസം വീട്ടില്‍ നിന്നു പടക്കം നിര്‍മിച്ച് ബൈക്കില്‍ കക്കടവിലെത്തിച്ച് സുഹൃത്തുക്കളുടെ മുന്നില്‍ പൊട്ടിച്ചത്. ഇത് ആളപായത്തില്‍ കലാശിക്കുകയായിരുന്നു.
പോലീസിന്റെ പ്രാഥമിക നിഗമനം ബോംബ് നിര്‍മാണത്തിനിടയില്‍ അല്ല മരണമെന്നാണെങ്കിലും വിശദമായ പരിശോധനയും അന്വേഷണവും നടത്തിയ ശേഷമേ അന്തിമ നിഗമനത്തില്‍ എത്തുകയുള്ളൂ. ഇതിനായി രാഹുല്‍ജിത്തിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Related posts