അഴീക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിനു കേസെടുത്തു

crimeകണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ഥിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തില്‍ വളപട്ടണം പോലീസ് വധശ്രമത്തിനു കേസെടുത്തു. അഴീക്കോട് ചെമ്മരശേരിപ്പാറ നാഗത്തില്‍ രാജന്റെ മകന്‍ സായൂജ്യത്തില്‍ പി.സൗരവിനെ (17) യാണ് ഇന്നലെ രാത്രി 8.30 ഓടെ ചെമ്മരശേരിപ്പാറയില്‍ ഒരുസംഘം ആക്രമിച്ചത്. ഇരുമ്പ് പൈപ്പ്, വാള്‍ തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച് ഒരുസംഘം ആക്രമിച്ചെന്നാണു പരാതി.

തലയ്ക്കു പരിക്കേറ്റ സൗരവിനെ കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അബോധാവസ്ഥയിലായിരുന്നതിനാല്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ല. വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു രാവിലെ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിനു പിന്നാലെ അതു പ്രാവര്‍ത്തികമാക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ആരോപിച്ചു.

Related posts