പാലക്കാട്: മഴക്കാലമായതോടെ നഗരനിരത്തുകളില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതംമാത്രം. റോഡിലൂടെ ഒഴുകുന്ന മഴവെള്ളംമാത്രമല്ല, അഴുക്കുചാലിലെ മലിനജലംകൂടി താണ്ടിവേണം യാത്രചെയ്യാന്‍. അഴുക്കുചാലുകള്‍ നിറഞ്ഞ് മലിനജലം റോഡിലേക്കൊഴുകുന്നതാണ് പ്രശ്‌നം. നഗരത്തിലെ പ്രധാന റോഡുകളിലും പോക്കറ്റ് റോഡുകളോടും ചേര്‍ന്നുള്ള അഴുക്കുചാലുകളിലെ മലിനജലമാണ് റോഡിലേക്ക് പരന്നൊഴുകുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും മണ്ണടിഞ്ഞതും യഥാക്രം നീക്കംചെയ്യാത്തതുമാണ് ഇത്തരത്തില്‍ മലിനജലത്തിന്റെ കുത്തൊഴുക്കിന് പിന്നില്‍.
നഗരത്തില്‍ മിക്കയിടങ്ങളിലും അഴുക്കുചാലുകളിലെ മണ്ണും മാലിന്യങ്ങളും നഗരസഭാ നീക്കം ചെയ്യുന്നില്ല. ചിലയിടങ്ങളില്‍ ശുചീകരണ തൊഴിലാളികള്‍ അഴുക്കുചാലുകളില്‍ നിന്ന് വാരിയെടുക്കുന്ന മണ്ണും മാലിന്യങ്ങളും ദിവസങ്ങളോളം സമീപത്തുതന്നെ കൂട്ടിയിടുന്ന പതിവുമുണ്ട്.ഇത്തരം മാലിന്യങ്ങള്‍ ദുര്‍ഗന്ധത്തിനുപുറമെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കയറ്റികൊണ്ടുപോകാത്തതിനാല്‍ വീണ്ടും അഴുക്കുചാലുകളിലേക്കുതന്നെ വീഴുന്ന സ്ഥിതിയുമുണ്ട്. സുല്‍ത്താന്‍പേട്ട, മേട്ടുപ്പാളയം സ്ട്രീറ്റ്, പട്ടിക്കര, ജി.ബി.റോഡ് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ അഴുക്കുചാലുകളടഞ്ഞ് മലിനജലം പുറത്തേക്കുവരുന്നുണ്ട്.
സുല്‍ത്താന്‍പേട്ട – കോയമ്പത്തൂര്‍ റോഡില്‍ ചെട്ടിത്തെരുവിലേക്ക് തിരിയുന്നിടത്തെ അഴുക്കുചാലടഞ്ഞ് മാസങ്ങളായി മലിനജലം റോഡിലേക്കൊഴുകുകയാണ്. ഒരാഴ്ചമുമ്പ് അഴുക്കുചാല്‍ പേരിന് വൃത്തിയാക്കിയെങ്കിലും മലിനജലം പുറത്തേക്കുവരുന്നതിന് അയവുവന്നിട്ടില്ലെന്നാണ് സമീപ—വാസികള്‍ പറയുന്നത്. മലിനജലം റോഡില്‍കെട്ടികിടക്കുന്നതുമൂലം ദുര്‍ഗന്ധവും ഏറെയാണെന്നാണ് വ്യാപാരികളും പ്രദേശവാസികളും പറയുന്നു. കാല്‍നടയാത്രക്കാര്‍ക്ക് കെട്ടികിടക്കുന്ന മലിനജലത്തിലൂടെവേണം തെരുവിലേക്കും സുല്‍ത്താന്‍പേട്ട ഭാഗത്തേക്കും വരാന്‍.
എന്നാല്‍, ഇത്തരത്തില്‍ മലിനജലത്തിലൂടെ നടക്കുന്നതുമൂലം കാലിന് ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നതായും പരാതിയുണ്ട്. 19-ാം വാര്‍ഡില്‍പ്പെട്ട പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നതെന്നിരിക്കെ കൗണ്‍സിലറോട് പരാതിപ്പെട്ടിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് പറയുന്നത്. ചെറിയ മഴപെയ്യുമ്പോള്‍ കാര്യമായി ബാധിക്കില്ലെങ്കിലും കനത്തമഴ പെയ്യുന്നസമയത്ത് റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം ദിവസങ്ങളോളം ജനങ്ങള്‍ക്ക് ദുരിതം തീര്‍ക്കുകയാണ് മാത്രമല്ല വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് മലിനജലം തെറിക്കുന്നതും സ്ഥിരം കാഴ്ചയാണ്.
ഇതിനുപുറമെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും മഴക്കാലത്ത് ജനങ്ങള്‍ക്ക് ദുരിതം തീര്‍ക്കുകയാണ്. മഴക്കാലത്തിനുമുന്നേ അഴുക്കുചാലുകള്‍ നന്നാക്കിയിരുന്നെങ്കില്‍ ഇത്തരം ദുരവസ്ഥ ഒഴിവാക്കാമായിരുന്നു.