അസൗകര്യങ്ങളുടെ നടുവില്‍ ജില്ലാ ആശുപത്രി: രോഗികള്‍ വലയുന്നു

kkd-hospitalവടകര:  പകര്‍ച്ചവ്യാധികള്‍ സംഹാരതാണ്ഡവമാടുമ്പോള്‍ സഹായമായി തീരേണ്ട സര്‍ക്കാര്‍ ആശുപത്രികള്‍ അസൗകര്യങ്ങളുടെ പിടിയില്‍. ജില്ലാ ആശുപത്രിയായി മാറിയ വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ രണ്ടായിരത്തിലേറെ രോഗികളാണ് ദിനംപ്രതി ചികിത്സ തേടി ഒപിയില്‍ എത്തുന്നത്. മണിക്കൂറുകള്‍ കാത്ത് നിന്നാലേ ചികിത്സ ലഭിക്കൂ എന്നു വന്നതോടെ ആളുകള്‍ സ്വകാര്യ ആശുപത്രികളില്‍ അഭയം തേടുകയാണ്. രോഗികളുടെ ബാഹുല്യം കാരണം ജില്ലാ ആശുപത്രി ഒപി ശ്വാസം മുട്ടുകയാണിപ്പോള്‍. സ്ഥല സൗകര്യത്തോടൊപ്പം ഡോക്ടര്‍മാരുടെ എണ്ണവും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അധികാരികള്‍ക്ക് അറിയാമെങ്കിലും ഇവര്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന അവസ്ഥ.

പകര്‍ച്ചപനിയും വയറിളക്കവും ബാധിച്ചവരെ കൊണ്ട് എല്ലാതരം ആശുപത്രികളും നിറയുകയാണ്. വടകര താലൂക്കില്‍ ഇത്തരം രോഗങ്ങള്‍ വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ജില്ലാ ആശുപത്രിയിലെ സ്ഥിതി കഷ്ടമായതിനാല്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സ്വകാര്യ ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാരകമായി മാറുന്ന വയറിളക്കം പിടിപെട്ടവര്‍ ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കിടക്കേണ്ടി വരുമ്പോഴുണ്ടാകുന്ന സാമ്പത്തിക ചെലവ് വലുതാണ്്.  മികച്ച ഡോക്ടര്‍മാരെ വച്ച് ഇത്തരം സാഹചര്യത്തില്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് സ്വകാര്യ ആശുപത്രികള്‍ ചെയ്യുന്നത്.

ജില്ലാ ആശുപത്രിയില്‍ ദിവസേന രണ്ടായിരത്തിന് മുകളില്‍ രോഗികളെത്തുന്ന ഒപിയില്‍ ആകെയുള്ളത് രണ്ട് ഡോക്ടര്‍മാര്‍. ഇതുകാരണം മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഈ കാത്തുനില്‍പ് ശാരീരിക അവശത വര്‍ധിപ്പിക്കുന്നു. ഒടുക്കം ഏതെങ്കിലും സ്വകാര്യ ആശുപത്രികളില്‍ അഭയം തേടുന്ന സ്ഥിതി. ഇതില്‍ മഞ്ഞപ്പിത്തം ബാധിച്ചവര്‍ പോലുമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.  ശിശുരോഗം, ഗൈനക്കോളജി തുടങ്ങിയ പ്രധാനപ്പെട്ട വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ ഇല്ലാതായിട്ട് നാല് മാസം പിന്നിട്ടിരിക്കുകയാണ്. അത്യാഹിത വിഭാഗവും ഒരു ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല.  മഴക്കാലമായാല്‍ മാരക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലമായി വടകര മാറിയിട്ടും അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിലും മറ്റു സൗകര്യം വര്‍ധിപ്പിക്കുന്നതിലും ആരോഗ്യ വകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന പരാതിയുണ്ട്. ഡോക്ടര്‍മാരുടെ കുറവുകള്‍ പല തവണ സംസ്ഥാന-ജില്ലാ ആരോഗ്യ വകുപ്പിന് അറിയിച്ചിട്ടും നടപടി മാത്രം ഉണ്ടാകുന്നില്ല.

Related posts