സീമ മോഹൻലാൽ
കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അതിക്രമത്തിന് ഇരയാകുന്നവർക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി സഖി-വണ്‍ സ്റ്റോപ്പ് സെന്റർ ഒരുങ്ങുന്നു. കാക്കനാട് ഒബ്സർവേഷൻ സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ജില്ലയിലെ സഖി-വണ്‍ സ്റ്റോപ്പ് സെന്റർ പ്രവർത്തനത്തിനായി ഒരുങ്ങുന്നത്. അതിക്രമത്തിന് ഇരയാകുന്നവർക്ക് ആവശ്യമായ വൈദ്യസഹായം, ചികിത്സ, നിയമസഹായം, കൗണ്‍സിലിംഗ്, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് സഖി-വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ലക്ഷ്യം.
നൂറു ശതമാനം കേന്ദ്രസഹായത്തിൽ വനിതാ ശിശു വികസന വകുപ്പിനു കീഴിൽ ജില്ല കളക്ടർ അധ്യക്ഷനായ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കീം നടപ്പാക്കുന്നത്. സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് നിർഭയാ സെൽ ആണ് വണ്‍ സ്റ്റോപ്പ് സെന്ററിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ലിംഗ പദവിയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ഏതു സമയത്തും അഭയം തേടാവുന്ന സ്ഥാപനമാണിത്. ഒരു വനിതാ സെന്റർ അഡ്മിനിസ്ട്രേറ്റർ സെന്ററിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കൗണ്‍സലർ, ഡോക്ടർ, പോലീസ്, വക്കീൽ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരുടെ സേവനവും സെന്ററിൽ ലഭ്യമാകും.
അക്രമത്തിന് ഇരയാകുന്ന 12 വയസിൽ താഴെയുള്ള കുട്ടികൾക്കും ആവശ്യമായ സഹായം സെന്ററിൽ ലഭിക്കും. അഞ്ചു ദിവസം സെന്ററിൽ താമസിച്ച് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള സംവിധാനമാണുള്ളത്. സെന്റർ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ജില്ല വുമണ്‍ പ്രൊട്ടക്ഷൻ ഓഫീസർ എം.എസ് ദീപ പറഞ്ഞു..