ജിദ്ദ: കൊല്ലം സ്വദേശി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്നു സൂചന. ഇതു സംബന്ധിച്ച ഫോറൻസിക് ഫലം അതുല്യയുടെ ബന്ധുക്കൾക്ക് കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ 19ന് പുലർച്ചെയാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് സതീഷിന്റെ പീഡനത്തെത്തുടർന്നാണ് അതുല്യ ജീവനൊടുക്കിയതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
തുടർന്ന് സഹോദരി അഖില ഷാർജാ പോലീസിൽ പരാതി നൽകി. അതേസമയം അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ചൊവ്വാഴ്ച പൂർത്തിയാകും. അതുല്യയുടെ രേഖകൾ ഭർത്താവ് സതീഷ് ഇന്ത്യൻ കോൺസുലേറ്റിന് കൈമാറി.
അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു സതീഷ്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ സതീഷിനെതിരേ കൊല്ലം ചവറതെക്കുംഭാഗം പോലീസും കേസെടുത്തിട്ടുണ്ട്.