മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം ആംഗന്‍വാടിക്കുസമീപത്തെ തണല്‍മരം അപകടഭീഷണി.അമ്പതോളം പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന തത്തേങ്ങലം ഐപിപി സബ്‌സെന്ററിലാണ് അപകടഭീഷണി നിലനില്ക്കുന്നത്.ആംഗന്‍വാടി കെട്ടിടത്തിന് തണല്‍ നല്കുന്നുണ്ടെങ്കിലും കാലപ്പഴക്കംമൂലം മരം ഏതുനിമിഷവും വീഴാവുന്ന സ്ഥിതിയിലാണ് നില്ക്കുന്നത്. മരം മുറിച്ചു മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നാളിതുവരെ നടപടിയുണ്ടായില്ല. ഈ മാവിന്‍ചുവട്ടിലാണ് ആംഗന്‍വാടി കുട്ടികള്‍ കളിക്കുന്നത്.
മാവ് മുറിച്ചുമാറ്റുന്നതിന് ഐസിഡിഎസ് അധികൃതര്‍ക്കും പരാതി നല്കിയെങ്കിലും തീരുമാനമുണ്ടായിട്ടില്ല. ശക്തമായ മഴക്കാലത്ത് മരം കടപുഴകിവീഴുകയോ ഒടിഞ്ഞു വീഴുകയോ ചെയ്യാനുള്ള സാധ്യത ഏറെയാണ്.മണ്ണാര്‍ക്കാട് താലൂക്കില്‍ കോട്ടോപ്പാടം, അലനല്ലൂര്‍ ഭാഗങ്ങളിലെ ആംഗന്‍വാടികളിലും പ്രൈമറി സ്കൂളുകളിലുമുള്ള അപകടഭീഷണിയായ മരങ്ങള്‍ മുമ്പ് മുറിച്ചു മാറ്റിതുപോലെ ഈ ആംഗന്‍വാടിക്കു സമീപത്തെ മരവും മുറിച്ചുമാറ്റിയാല്‍ വന്‍ദുരന്തം ഒഴിവാക്കാനാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.