ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കുട്ടനാട്ടില്‍ വ്യാപക നാശനഷ്ടം

ALP-KATTUരാമങ്കരി/മങ്കൊമ്പ്: ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കുട്ടനാട്ടില്‍ വ്യാപക നാശനഷ്ടം. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ അതിശക്തമായ മഴയിലും കാറ്റിലുമാണ് നാശനഷ്ടം. രാമങ്കരി, വെളിയനാട്, കാവാലം, കൈനകരി, നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലാണ് വീടുകള്‍ക്കു നാശനഷ്ടമുണ്ടായത്. രാമങ്കരി ഗ്രാമപഞ്ചായത്തില്‍ മാമ്പുഴക്കരിയില്‍ 24 വീടുകളും കൈനകരിയില്‍ മൂന്നു വീടുകളും ഭാഗികമായി തകര്‍ന്നു.

ഇന്നലെ രാവിലെ 7.45നുണ്ടായ ശക്തമായ കാറ്റിനെത്തുടര്‍ന്നു വൃക്ഷങ്ങള്‍ കടപുഴകി വീടുകള്‍ക്കുമേല്‍ പതിച്ചതിനെത്തുടര്‍ന്നായിരുന്നു അപകടം. ശക്തമായ കാറ്റില്‍ വീടുകളുടെ ഷീറ്റുകള്‍ പറന്നുപോയി. അഞ്ചു വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും 19 എണ്ണത്തിന്റെ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ചങ്ങനാശേരിയില്‍ നിന്നും തകഴിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്. രാമങ്കരി പഞ്ചായത്ത് മാമ്പുഴക്കരി രാജപ്പന്‍ ഉദുംന്തറ, സുരേഷ് കെ.പി. കക്കാംപറമ്പില്‍, വിദ്യാനന്ദന്‍ പോത്തന്‍പറമ്പ്, ശ്രീധരന്‍ പുത്തന്‍പറമ്പ്, ഷൈലേന്ദ്രന്‍ പുത്തന്‍പറമ്പ് എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരകളാണ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്.

രാജേന്ദ്രപ്രസാദ് പുത്തന്‍പറമ്പ് , കുട്ടപ്പന്‍ മന്നത്ത്, ഓമന.എ.കെ. അരയംപറമ്പ്, രാജേഷ്.ആര്‍. ആറുപറയില്‍, പ്രസാദ് പുലത്തറ പറമ്പ്, മോഹനന്‍ പുത്തന്‍പറമ്പ്, വസന്തകുമാരി തെക്കേഉദുംന്തറ, മോന്‍സി തോമസ് നെടുങ്കളം, തങ്കച്ചന്‍ കൊച്ചുപറമ്പ്, സേവ്യര്‍ മുപ്പതില്‍ചിറ, കുട്ടപ്പന്‍ കൊച്ചുപറമ്പ്, പ്രമോദ് കൊല്ലം പറമ്പ് ,മണിയന്‍ പോത്തന്‍ പറമ്പ് , എം.ആര്‍.പ്രസാദ് പുത്തന്‍പറമ്പ്, ശശി പൊക്കാശേരില്‍, സദാനന്ദന്‍ പുലിശേരില്‍ ലക്ഷംവീട്, തുളസി ദയാനന്ദന്‍ പടിഞ്ഞാറെ വെമ്പഴശേരി, സാബു ആന്റണി മെതിക്കളം പനക്കീഴ്, അജേഷ് അജേഷ് ഭവനം എന്നിവരുടെ വീടുകളാണ് ചുഴലിക്കാറ്റില്‍ തകര്‍ന്നിരിക്കുന്നത്. കൈനകരി പഞ്ചായത്ത് കൈനകരി സൗത്തില്‍ നടരാജന്‍ കാട്ടിച്ചിറ കോളനി, ചന്ദ്രന്‍ കാട്ടിച്ചിറ കോളനി, ഹരിദാസ് ആലക്കോട്, കൈനകരി നോര്‍ത്തില്‍ തങ്കപ്പന്‍ സ്രാമ്പിത്തറ, പൊന്നമ്മ മാന്തുരുത്തിച്ചിറ, പ്രസന്നന്‍ ബ്ലാങ്കേല്‍, സി.ടി ജോസഫ് ചെറുകായല്‍ച്ചിറ, ഷാനിസ് പുത്തന്‍ പറമ്പ്, ഇടിക്കുള തട്ടേഴം, സുധീഷ്കുമാര്‍ വാലടിത്തറ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

കാവാലം പഞ്ചായത്ത് കാവാലം നോര്‍ത്തില്‍ രമണന്‍ വെന്‍മലശേരി ,നെടുമുടിയില്‍ ജിന്‍സിമോന്‍ സെബാസ്റ്റ്യന്‍ പുത്തന്‍ പറമ്പ് ,ചമ്പക്കുളത്ത് കുഞ്ഞമ്മ മുതിരപറമ്പ് തെക്കേക്കര എന്നിവരുടെ വീടുകള്‍ക്കും ഭാഗികമായി നാശനഷ്ടമുണ്ടായി. വെളിയനാട് പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ചാലയ്ക്കല്‍ ഉത്തമന്‍, ചാലയില്‍ ശിവാനന്ദന്‍ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. മാമ്പുഴക്കരിയില്‍ വീടുകള്‍ തകര്‍ന്നതില്‍ 1,53,500 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റവന്യുവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആളുകള്‍ വീടുകളില്‍നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

പ്രദേശത്തെ വൈദ്യുതിലൈനുകളും പോസ്റ്റുകളും പൂര്‍ണമായും നിലംപതിച്ചു. അപകടം അറിഞ്ഞെത്തിയ വൈദ്യുതിവകുപ്പ് ജീവനക്കാര്‍ ഉടന്‍തന്നെ ലൈന്‍ ഓഫ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായമായ്. ഈ ലൈനുകള്‍ പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. കുടുംബങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടത്തിന് പുറമെ വൈദ്യുതി വകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടത്തിനും ചുഴലിക്കാറ്റ് കാരണമായ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനുശേഷം ദുരിതബാധിതകര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടറെ എംപി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. വെളിയനാട് ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ഇ.വി. കോമളവല്ലി, പഞ്ചായത്തംഗങ്ങളായ ജോസഫ് ചേക്കോടന്‍, സജി ഉദുംന്തറ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Related posts