ആത്മവിശ്വാസം പകര്‍ന്ന് നീന്തല്‍ പരിശീലനം

knr-swimingപയ്യന്നൂര്‍: ജലാശയങ്ങള്‍ ഏതുതന്നെയായാലും ജലഅപകടങ്ങളിലൂടെ ജീവന്‍ പൊലിയില്ല എന്ന ആത്മവിശ്വാസം പകര്‍ന്ന് കവ്വായി കായലില്‍ രണ്ടുദിവസമായി നടത്തി വന്ന സൗജന്യ നീന്തല്‍ പരിശീലനം സമാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുപത്തഞ്ച് പേരാണ് കവ്വായി കായലിലെ വിസ്തൃതമായ ജലപ്പരപ്പില്‍ നീന്തിത്തുടിച്ചത്. കുളങ്ങളില്‍ അത്യാവശ്യം നീന്തുന്നവരും നീന്തല്‍ അറിയാത്തവരുമായ പത്ത് വയസുമുതല്‍ നാല്‍പത് വയസുവരെയുള്ളവരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.

ഒന്നേകാല്‍ കിലോമീറ്ററോളം വീതിയുള്ള ഏറന്‍ പുഴക്കരയില്‍ ആദ്യം പകച്ചു നിന്നവരാണ് പരിശീലകനായ കേരള ടൂറിസം ലൈഫ്ഗാര്‍ഡായ ചാള്‍സണ്‍ എഴിമലയുടെ നിര്‍ദ്ദേശമനുസരിച്ച് പുഴയിലിറങ്ങി നീന്താനാരംഭിച്ചത്. വിസ്തൃതമായ ഈ പുഴ നീന്തി കീഴടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് ആദ്യദിവസത്തെ പരിശീലനം സമാപിച്ചത്. ഇന്നലെ ഇവര്‍ ഏറന്‍പുഴയിലെ ഓളപ്പരപ്പില്‍ വിസ്മയം തീര്‍ത്ത് അക്കരെയുള്ള വലിയപറമ്പിലേക്കും തിരിച്ചും രണ്ടര കിലോമീറ്ററോളം ദൂരമാണ് ആയാസരഹിതമായി നീന്തിയത്. നീന്തി ക്ഷീണിതരാകുമ്പോള്‍ ജലപ്പരപ്പില്‍ മലര്‍ന്ന് കിടന്ന് ക്ഷീണമകറ്റാനുള്ള ഫ്‌ളോട്ടിംഗ് വിദ്യയും ചാള്‍സണ്‍ പഠിപ്പിച്ചിരുന്നു. കോസ്റ്റല്‍ പോലീസ് ബേക്കല്‍ സ്‌റ്റേഷനിലെ പി. ബാബുവും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

ചെറിയ പുഴകള്‍പോലും കണ്ണീര്‍പുഴകളാക്കിക്കൊണ്ട് ജലഅപകടങ്ങളില്‍ കുട്ടികളുടെ ജീവന്‍ പൊലിയുന്നതിന്റെ പ്രധാന കാരണം നീന്തല്‍ വശമില്ലാത്തതാണെന്ന് തിരിച്ചറിയുന്ന ചാള്‍സണ്‍ ഇതിന് പരിഹാരം കാണുന്നതിനുള്ള ഒരുക്കത്തിലാണ്. സഹപ്രവര്‍ത്തകരായ ലൈഫ്ഗാര്‍ഡുകളുടെ സഹകരണത്തോടെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ നീന്തല്‍ പരിശീലനം നല്‍കുവാനുള്ള തീരുമാനത്തിലാണ് ലൈഫ്ഗാര്‍ഡ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും സാഹസിക നീന്തലില്‍ യുആന്‍എഫ് അവാര്‍ഡ് ജേതാവുകൂടിയായ ഏഴിമല സ്വദേശി ചാള്‍സണ്‍.

Related posts