ആദിവാസി കോളനികളില്‍ പീഡന കേസുകള്‍ വര്‍ധിക്കുന്നു; വില്ലനാകുന്നത് മദ്യം

Peedanamകല്‍പ്പറ്റ: കഴിഞ്ഞ ഒരാഴ്ചക്കിടെ വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂന്ന് ആദിവാസി പീഡന കേസുകളിലെ പ്രതികളെല്ലാം ഇരകളുടെ അടുത്ത ബന്ധുക്കളാണ്. മദ്യപിച്ചെത്തുന്ന കോളനിയിലെ മുതിര്‍ന്നവരും യുവാക്കളുമായ പുരുഷന്മാരാണ് പീഡന കേസുകളില്‍ പിടിയിലായ പ്രതികളില്‍ അധികവും. അടുത്ത കാലത്തായി ആദിവാസി കോളനികളില്‍ നടന്ന പീഡന കേസുകളിലെല്ലാം മദ്യം കാരണമായിട്ടുണ്ട്. കോളനികളിലെ മദ്യത്തിന്റെ ഒഴുക്ക് ആദിവാസി കുടുംബ ബന്ധങ്ങളിലെ വിള്ളലുകള്‍ക്കും കാരണമാകുകയായണ്. മദ്യം ആദിവാസി കോളനികളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നതിന്റെ തെളിവാണ് ഈ കേസുകളെല്ലാം.

വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ മേച്ചേരിക്കുന്ന്, തൊണ്ണമ്പറ്റ, ഉണ്ടാടി കോളനികളിലാണ് കഴിഞ്ഞ ആഴ്ചയില്‍ ബാലികാ പീഡനത്തിന് പോക്‌സോ നിയമപ്രകാരം മൂന്ന് കേസുകളെടുത്തത്. പീഡനത്തിനിരയായത് 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളാണ്. ഇതില്‍ ഒരു ബാലിക നാല് മാസം ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവരിപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പിടിയിലായതാകട്ടെ കോളനിയിലെ തന്നെ 16 വയസ് മാത്രം പ്രായമുള്ള ബന്ധുവാണ്. മറ്റു രണ്ട് കുട്ടികളെയും പീഡിപ്പിച്ചത് കുടുംബത്തില്‍പ്പെട്ട വിവാഹിതരായ യുവാക്കളാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയിലെ ആദിവാസി കോളനികളില്‍ ബാലികാ പീഡനങ്ങളുള്‍പ്പെടെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇതില്‍ ഇരകളാവുന്നതിലധികവും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്. കോളനികളിലെ സൗകര്യപ്രദമായ വീടുകളുടെ അഭാവം കാരണം രണ്ടും മൂന്നും കുടുംബങ്ങള്‍ ഒരേവീട്ടില്‍ കഴിയുന്നതിനിടെ യുവാക്കള്‍ മദ്യപിച്ചെത്തുന്നതാണ് വില്ലനാവുന്നത്. പല പീഡനങ്ങളും പുറത്തറിയാറില്ല. വിദ്യാലയത്തില്‍ വച്ച് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ഏതാനും മാസം മുമ്പ് നടന്ന പീഡനവിവരം കുട്ടികള്‍ പറഞ്ഞത്. ഇത് പ്രകാരം പ്രധാനാധ്യാപകര്‍ നല്‍കിയ പരാതിയിലാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.

Related posts