ആദ്യം രാജവെമ്പാല, പിന്നെ വിശ്രമം! മൂര്‍ഖന്റെ കടിയേറ്റ് ചികിത്സകഴിഞ്ഞ് വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം ഫോണ്‍; സനല്‍രാജ് പിടികൂടിയത് 20 കിലോ ഗ്രാം ഭാരവും 15 അടി നീളവുമുള്ള ആണ്‍ രാജവെമ്പാലയെ

Sanalനെടുമങ്ങാട്: മൂര്‍ഖന്റെ കടിയേറ്റ് ചികിത്സ കഴിഞ്ഞെത്തിയ സനല്‍രാജ് രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ 15ന് ഇളവടത്താണ് വലിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയില്‍ വനംവകുപ്പ് കരാര്‍ ജീവനക്കാരനായ സനല്‍രാജിനു കടിയേറ്റത്. ശക്തമായ കടിയേറ്റ സനല്‍രാജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ചികിത്സകഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയത്.

വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം വിതുരയില്‍ നിന്നും ഫോണ്‍ വന്നു. ചാത്തന്‍കോട് ആദിവാസി പ്രദേശത്ത് വീടിനു സമീപത്തു രാജവെമ്പാലയുണ്ടെന്നായിരുന്നു ഫോണ്‍ വന്നത്. ഒന്നും ചിന്തിക്കാതെ സനല്‍രാജ് ചാത്തന്‍കോട്ടെത്തി. 20 കിലോ ഗ്രാം ഭാരവും അഞ്ചു വയസും 15 അടി നീളവുമുള്ള ആണ്‍ രാജവെമ്പാലയെ ആദിവാസി ഊരിലെ മധുവിന്റെ വീടിനടുത്തു നിന്നും പിടികൂടുകയായിരുന്നു. രാജവെമ്പാലയെ പൊന്‍മുടി വനമേഖലയില്‍ വിട്ടയച്ചു.

Related posts