പെരുമ്പാവൂര്‍: കോടനാട് ആനക്കളരിയില്‍ നിന്നും ജനുവരി 15ന് തൊട്ടടുത്തുള്ള കപ്രിക്കാട് വന സംരക്ഷണ സമിതിയിലേക്ക് കൊണ്ടുപോയ ആനകള്‍ ഭക്ഷണ ലഭ്യതയുടെ കാര്യത്തില്‍ ദുരിതത്തിലായിതീര്‍ന്നിരിക്കുകയാണ്. ആനകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന പനമ്പട്ടയും ഓലയും ലഭിച്ചിട്ട് 15 ദിവസത്തില്‍ കൂടുതലായി. നിലവില്‍ മാനുകള്‍ക്കും മ്ലാവുകള്‍ക്കും കൊണ്ടുവരുന്ന പ്ലാവിലയാണ് തീറ്റയായി കൊടുക്കുന്നത്. കപ്രിക്കാട് സൗകര്യങ്ങളോ രേഖാമൂലമുള്ള അനുമതിയോ ലഭിക്കുന്നതിനു മുമ്പാണ് ആനകളെ അങ്ങോട്ട് കൊണ്ട് പോയത്.
നിലവിലുള്ള ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള താത്പര്യകുറവായുള്ളതായി ആക്ഷേപമുണ്ട്. പഴയ ആനക്കളരി ഇന്ന് നാശത്തിന്റെ വക്കിലേക്ക് അടുക്കുകയാണ്. നിലവില്‍ കപ്രിക്കാട് ആനകള്‍ക്കുള്ള പരിപാലന ഷെല്‍ട്ടര്‍ അല്ല. അതുകൊണ്ട് കോടനാട് ആനക്കളരി നവീകരിച്ച് സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം ഇവിടെ സംരക്ഷിക്കുന്ന മൃഗങ്ങള്‍ക്ക് വേണ്ട ഭക്ഷണ കാര്യത്തിലും വിട്ടുവീഴ്ച പാടില്ലയെന്ന് പൈതൃക സംരക്ഷണ സമിതി ചെയര്‍മാന്‍ അരുണ്‍ കുമാര്‍ ആവശ്യപ്പെട്ടു.