ആമ്പല്ലൂരില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്

tcr-accidnetആമ്പല്ലൂര്‍: അളഗപ്പ നഗര്‍ പോളി ടെക്‌നിക്കിനു സമീപം റോഡില്‍ പാര്‍ക്കുചെയ്തിരുന്ന ബസിനു പുറകില്‍ മറ്റൊരു ബസിടിച്ചുണ്ടായ അപകടത്തില്‍ നിയന്ത്രണം വിട്ട ബസ് വര്‍ക്കഷോപ്പിലേക്കു ഇടിച്ചുകയറി. സംഭവത്തില്‍ ഒരാള്‍ക്ക് നിസാരപരിക്കേറ്റു. വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്നവര്‍ ബസ് വരുന്നതുകണ്ട് ഓാടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. വര്‍ക്കുഷോപ്പിലുണ്ടായിരുന്ന രണ്ടുബൈക്കള്‍ക്കും ഒരു സൈക്കിളിനും കേടുപാട് സംഭവിച്ചു.

ഇന്നുരാവിലെ 9.15നാണ് സംഭവം. റോഡ് വശത്തുനിര്‍ത്തിയിട്ടിരുന്ന ഹോളി ക്യൂന്‍ ബസിന്റെ പുറകില്‍ വരന്തരപ്പിള്ളി-തൃശൂര്‍ റൂട്ടില്‍ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അശ്രദ്ധയോടെ ഓവര്‍ടേക്ക് ചെയ്ത കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ബസ് നിയന്ത്രണം വിട്ടത്. സ്വകാര്യ ബസ് ഇടിച്ചതിനെ തുടര്‍ന്ന് ഹോളി ക്യൂന്‍ ബസ് സമീപത്തെ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്വകാര്യബസില്‍ നിറയെ യാത്രക്കാരും വിദ്യാര്‍ഥികളും ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും കാര്യമായി പരിക്കേറ്റില്ല.

ഓട്ടോ കനാലിലേക്കു മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
ആമ്പല്ലൂര്‍: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വെണ്ടൂര്‍ ചുങ്കം മുതുപ്പറമ്പില്‍ രവി (63) ആണ് പരിക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആമ്പല്ലൂരിലെ സിനിമ തിയേറ്ററിലെ ജീവനക്കാരാനായ രവി ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ ഇന്നലെ രാത്രി 12 നായിരുന്നു അപകടം. ആമ്പല്ലൂര്‍ കമ്മ്യൂണിറ്റി ഹാളിനു സമീപമുള്ള കനാലിലേക്കാണ് ഓട്ടോ മറിഞ്ഞത്.

Related posts