ആരാണ് ആ നേതാവ്? കോണ്‍ഗ്രസ് നേതാവിനെതിരെ വധശ്രമ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ ഉന്നത സിപിഎം നേതാവിനും പങ്കെന്ന് ഗോപപ്രതാപന്‍; പ്രതികളെ കോടതിയില്‍ ഹാജരാക്കി

krimeചാവക്കാട്: തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാവിന് പങ്കുണ്ടെന്ന് സി.എ. ഗോപപ്രതാപന്‍ ആരോപിച്ചു. സിപിഎമ്മിന്റെ സംസ്ഥാന തലത്തിലുള്ള നേതാവും ഗൂഢാലോചനയിലെ മുഖ്യ പ്രതി കുഞ്ഞുമുഹമ്മദും തൃശൂര്‍ രാമനിലയത്തില്‍ 15 മിനിറ്റ് നേരം ചര്‍ച്ചനടത്തിയിട്ടുണ്ടെന്നും ഗോപപ്രതാപന്‍ രാഷ്ട്രദീപികയോട് വെളിപ്പെടുത്തി.

ഗോപപ്രതാപനെ വധിക്കാന്‍ തങ്ങളുടെ ആശീര്‍വാദം ഉണ്ടാകുമെന്ന് നേതാവ് പറയുന്ന വീഡിയോ ദൃശ്യം, പോലീസ് പരിശോധനയ്ക്ക് ഗുജറാത്തിലേക്ക് അയച്ച സിഡിയില്‍ ഉണ്ടെന്നും സിപിഎം നേതാവിന് വധശ്രമ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഈ രേഖ തന്റെ കൈവശമുണ്ടെന്നും ഗോപപ്രതാപന്‍ അവകാശപ്പെട്ടു. 22 വര്‍ഷം മുമ്പ് ഗോപപ്രതാപന്റെ ജേഷ്ഠസഹോദരന്‍ മോഹനനെ സിപിഎം പ്രവര്‍ത്തകര്‍ പുതിയറ ബസ് സ്റ്റേഷനില്‍വച്ച് പട്ടാപ്പകല്‍ വെട്ടികൊലപ്പെടുത്തിയിരുന്നു.

ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഗോപപ്രതാപനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്‍. രവികുമാര്‍ ആവശ്യപ്പെട്ടു. വധശ്രമത്തിനുപിന്നില്‍ ഉന്നതതല ഗൂഢാലോചന നടത്തിയതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടത്തി മുഴുവന്‍പേരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാവിനെതിരെ വധശ്രമ ഗൂഢാലോചന: പ്രതികളെ കോടതിയില്‍ ഹാജരാക്കി

സ്വന്തം ലേഖകന്‍

ചാവക്കാട്: കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡന്റും തിരുവത്ര സ്വദേശിയുമായ സി.എ. ഗോപപ്രതാപനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ പിടിയിലായ മൂന്നംഗ സംഘത്തെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ ചാവക്കാട് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ തിരുവത്ര പടിഞ്ഞാറെപുരയ്ക്കല്‍ നടത്ത കുഞ്ഞുമുഹമ്മദ് (52), മണത്തല കള്ളാമ്പി അബ്ബാസ് (45), കടപ്പുറം മാട്ടുമ്മല്‍ പുത്തന്‍പുരയില്‍ ഇസ്മായില്‍ (ഫ്രാന്‍സീസ് ഇസ്മായില്‍ – 36) എന്നിവരെയാണ് ചാവക്കാട് സിഐ എ.ജെ. ജോണ്‍സന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റുചെയ്തത്. ഗോപപ്രതാപനെ വധിക്കാന്‍ പത്തുലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കാനായിരുന്നു നീക്കം.

സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഗോപപ്രതാപനോടു കുഞ്ഞുമുഹമ്മദിനു നേരത്തെ വൈരാഗ്യമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹനീഫ കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു രാത്രി കുത്തേറ്റു മരിച്ചിരുന്നു. ഇതിനു പിന്നില്‍ ഗോപപ്രതാപനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഗോപപ്രതാപനോടുള്ള കുഞ്ഞുമുഹമ്മദിന്റെ വൈരാഗ്യം കൂടി. ഗോപപ്രതാപനെ വകവരുത്തണമെന്ന ചിന്തയോടെ കഴിഞ്ഞിരുന്ന കുഞ്ഞുമുഹമ്മദ് വിവരം തന്റെ സുഹൃത്ത് അബ്ബാസുമായി ചര്‍ച്ച നടത്തി. കൊലയാളിയെ കണ്ടെത്താന്‍ അബ്ബാസ് ഇസ്മായിലിന്റെ സഹായം തേടി.

1990ല്‍ മണത്തല ബേബി റോഡില്‍ നടന്ന കൊലപാതകത്തില്‍ അബ്ബാസ് പ്രതിയായിരുന്നു. കുന്നംകുളം സ്വദേശിയായ ഇസ്മായില്‍ പല കേസിലും പ്രതിയായിട്ടുണ്ട്. ഇരുവരും ഒരേസമയം കണ്ണൂര്‍ ജയിലില്‍ കഴിയുമ്പോള്‍ സുഹൃത്തുക്കളായി. ഈ പരിചയംവച്ചാണ് അബ്ബാസ് കൊലയാളിയെ തേടി ഇസ്മായിലിനെ സമീപിച്ചത്.

മൂവരും ചേര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 24നു അകലാട് ഒറ്റയിനി ബീച്ചില്‍ ഒത്തുകൂടി ഗോപപ്രതാപനെ വകവരുത്തുന്നതിനു ഗൂഢാലോചന നടത്തി. രാവിലെ 10 മുതല്‍ ഉച്ചവരെയായിരുന്നു ചര്‍ച്ച. ഗോപനെ തട്ടാന്‍ പറ്റിയ ആളെ താന്‍ കൊണ്ടുവരാമെന്നു ഇസ്മായില്‍ ഏറ്റു. 10 ലക്ഷം രൂപയ്ക്കു കരാര്‍ കൊടുത്തു. 10,000 രൂപ അഡ്വാന്‍സും നല്‍കി.

എവിടെവച്ച് എങ്ങനെ കൊല്ലണമെന്നും തീരുമാനമെടുത്തു. ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള റോഡില്‍കൂടി ഗോപന്‍ ബൈക്കില്‍ പോകുമ്പോള്‍ തലയ്ക്കു വെട്ടാനായിരുന്നു തീരുമാനം. ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കില്‍ കഴുത്തിനു വെട്ടണം. കണ്ണൂരില്‍നിന്ന് ആളെയിറക്കി വാള്‍കൊണ്ടു വെട്ടുന്നതായിരിക്കും നല്ലതെന്നും തീരുമാനിച്ചു. പിടിക്കപ്പെട്ടാല്‍ ഹനീഫ വധക്കേസിലെ പ്രതിയുടെ പേരുപറയാനും ചട്ടം കെട്ടിയിരുന്നു.

മൂന്നുപേരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ സംഭാഷണം ഇസ്മായില്‍ തന്റെ മൊബൈലില്‍ റിക്കാര്‍ഡ് ചെയ്തിരുന്നു. ഗോപപ്രതാപനെ വധിക്കാന്‍ നടത്ത കുഞ്ഞുമുഹമ്മദ് തന്നെ ഏല്‍പ്പിച്ച വിവരം ഇസ്മായില്‍തന്നെ ഗോപപ്രതാപനെ അറിയിച്ചു. പണം തട്ടാന്‍ വേണ്ടിയാണെന്നു കരുതി ഗോപന്‍ തള്ളിക്കളഞ്ഞു. പക്ഷേ, ഇസ്മായില്‍ വീണ്ടും എത്തി മൊബൈലില്‍ പകര്‍ത്തിയ സംഭാഷണം ഗോപപ്രതാപനു കൈമാറി.

സംഭാഷണമടങ്ങുന്ന മൊബൈലുമായി ഗോപപ്രതാപന്‍ തൃശൂര്‍ എസ്പി കെ.കാര്‍ത്തിക്കിനു പരാതി നല്‍കി. എസ്പി, കുന്നംകുളം ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനു നല്‍കി. എസ്പിയുടെയും ഡിവൈഎസ്പിയുടെയും മേല്‍നോട്ടത്തില്‍ സിഐ അന്വേഷണം നടത്തി. ഇസ്മായിലിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭാഷണത്തിന്റെ സിഡി ചാവക്കാട് കോടതി വഴി ഗുജറാത്ത് ഗാന്ധിനഗര്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. സിഡിയില്‍ കൃത്രിമമില്ലെന്നു കാണിച്ച് ഫെബ്രുവരി രണ്ടിനു ലാബില്‍നിന്നും റിപ്പോര്‍ട്ട് എത്തി.

പിന്നീട് ഇസ്മായിലിനെ തൃശൂര്‍ ആകാശവാണിയില്‍ കൊണ്ടുപോയി മൊബൈലിലെ സംഭാഷണം പറയിപ്പിച്ചു. ഇതു തിരുവനന്തപുരത്തേക്ക് അയച്ച് രണ്ടു സംഭാഷണവും ഒരാളുടേതാണെന്നു പോലീസ് ശാസ്ത്രീയമായി തെളിയിച്ചു. ഗൂഢാലോചന നടന്ന ദിവസം മൂന്നുപേരും എവിടെയായിരുന്നുവെന്നു മൊബൈല്‍ ടവര്‍ വഴി കണ്ടെത്തി.
ഇങ്ങനെ ശാസ്ത്രീയമായി എല്ലാ തെളിവുകളും ശേഖരിച്ചശേഷമാണ് ഇന്നലെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.  കോടതിയില്‍ അപേക്ഷ നല്‍കി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നു പോലീസ് അറിയിച്ചു. എസ്‌ഐ മാരായ എ.വി.രാധാകൃഷ്ണന്‍, കെ.മാധവന്‍, സിപിഒമാരായ ബിന്ദു രാജ്, സുഹാസ്, റെനീഷ്, സാജന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts