ആര്‍എസ്എസിന്റെ മതഭ്രാന്തിന് യുഡിഎഫ് കൂട്ടുനില്‍ക്കുന്നു: പി.ജയരാജന്‍

kkd-jajarajanവടകര: ആര്‍എസ്എസിന്റെ മതഭ്രാന്തിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നു വടകരയിലേക്ക് താമസം മാറ്റിയ ജയരാജന്‍ സഹോദരിയും മുന്‍ എംപിയുമായ പി.സതീദേവിയുടെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ആര്‍എസ്എസിനെ പ്രീതിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി യുടെ നേതൃത്വത്തി ലുള്ള യുഡിഎഫ് സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസില്‍  തന്നെ പ്രതിചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്.  ഇതിന് സിബിഐയെ ഉപയോഗിക്കുകയായിരുന്നു. സിബിഐ കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് രംഗത്തെ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയുടെ തീരുമാനം ശിരസാവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് തലശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഇത് കണക്കിലെടുത്താണ് ജയരാജന്‍ വടകരയിലേക്ക് മാറിയത്. കണ്ണൂര്‍ ആയൂര്‍വേദാശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ ഇന്നലെ ഏഴു മണിയോടെ കാറില്‍ ചോറോട്ടെത്തി. കൈനാട്ടിയില്‍ ജയരാജന് സ്വീകരണം നല്‍കി. സിപിഎം നേതാക്കളായ സി. ഭാസ്കരന്‍, ആര്‍. ഗോപാലന്‍ എന്നിവര്‍ അദ്ദേഹത്തെ ഹാരാര്‍പണം ചെയ്ത് സ്വീകരിച്ചു.

”കണ്ണൂരിന്റെ മണിമുത്തിന് ഒഞ്ചിയത്തിന്റെ അഭിവാദ്യം” എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റത്. സിപിഎം നേതാക്കളായ കെ. ശ്രീധരന്‍, പി.കെ. ദിവാകരന്‍, വത്സന്‍ പനോളി തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.

Related posts