കണ്ണൂര്‍: ലൈസന്‍സ് ഇല്ലാത്തവര്‍ക്കും ആധാരം എഴുതാം എന്ന സര്‍ക്കാര്‍ തീരുമാനം വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ വരും നാളുകളില്‍ സംസ്ഥാനത്ത് സ്വത്തുതര്‍ക്കങ്ങളും മറ്റുമായി ബന്ധപ്പെട്ട കേസുകള്‍ കുന്നുകൂടാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അല്പജ്ഞാനികളും ഭൂമാഫിയകളും ഈ രംഗത്തു കടന്നുവന്ന് ആധാരം തയാറാക്കി തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ട്.
ആധാരമെഴുത്തുമായി ബന്ധമില്ലാത്തവര്‍ രേഖകള്‍ അവര്‍ക്കു തോന്നുംപോലെയാകും എഴുതുക. ആധികാരികത പോലും നഷ്ടപ്പെടും. യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭൂമാഫിയകളെ സഹായിക്കാനാണെന്നും അസോസിയേഷന്‍ ആരോപിച്ചു. ആധാരമെഴുത്തുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ തെറ്റായ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി കേരളത്തിലെ 311 രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലും നാളെ രാവിലെ ആധാരം എഴുത്തുകാര്‍ പണിമുടക്കി ധര്‍ണാ സമരം നടത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.പി. വത്സലന്‍, എ. പുരുഷോത്തമന്‍, സജീവന്‍ യദുകുലം, മുഹമ്മദ് റഫീഖ്, മുഹമ്മദ് മുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.