കൈനകരി: കാലവര്‍ഷം കനത്തതോടെ ആര്‍ ബ്ലോക്ക് വീണ്ടും മുങ്ങുന്നു. പ്രദേശത്തെ 47-ഓളം കുടുംബങ്ങളിലെ ഇരുനൂറിലധികം വരുന്ന നാട്ടുകാര്‍ ദുരിതത്തിലായി. നിലവില്‍ പ്രദേശത്തുള്ള കര്‍ഷക തൊഴിലാളികള്‍ രാപ്പകല്‍ കഷ്ടപ്പെട്ടാണ് ആറുമോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നത്. കൃത്യമായി വൈദ്യുതി കൂടി ലഭ്യമല്ലാത്തതിനാല്‍ ഈ മോട്ടോറുകള്‍ ഉപയോഗിച്ചുള്ള വെള്ളംവറ്റിക്കല്‍ കാര്യക്ഷമമാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
21 മോട്ടോര്‍ പമ്പ്‌സെറ്റുകളില്‍ 15 എണ്ണം പ്രവര്‍ത്തിക്കുന്നില്ലെന്നതും പ്രശ്‌നം സൃഷ്ടിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് ആര്‍ ബ്ലോക്ക് നടിച്ചിറയില്‍ താമസിച്ചിരുന്ന ഐഎച്ച്ഡിപി കോളനിയിലെ 19-ഓളം കുടുംബങ്ങള്‍ വീടും പറമ്പും ഉപേക്ഷിച്ചു പോയിരുന്നു. നിലവില്‍ ഇവിടെ അഞ്ചുവീട്ടുകാരാണുള്ളത്. 2013-14 കാലയളവില്‍ 120 ദിവസം ഇവിടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നു.
1450 ഏക്കറോളം വരുന്നതാണ് പ്രസിദ്ധമായ ഈ കായല്‍. വര്‍ഷങ്ങള്‍ക്കു മുമ്പു രണ്ടുനെല്‍കൃഷിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിച്ച് കായലിനു ചുറ്റു കരിങ്കല്ലു കെട്ടി ഉള്ളില്‍ ബണ്ടും കെട്ടി 21 മോട്ടോര്‍പമ്പുകള്‍ സ്ഥാപിച്ചാണ് ഇവിടെ കൃഷി ആരംഭിച്ചത്. പിന്നീട് മേഖല വെള്ളം കയറാത്ത ഇടമായി മാറിയപ്പോള്‍ തെങ്ങടക്കമുള്ള കൃഷിയിലേക്കു കര്‍ഷകര്‍ തിരിയുകയായിരുന്നുവെന്നു പറയുന്നു. ടൂറിസം രംഗം സജീവമായതോടെ ആര്‍ബ്ലോക്കും ഇതിലെ മുഖ്യ ഇടമായി. അതോടെ പലരും വെള്ളം കയറാത്ത ഇടങ്ങള്‍ വിറ്റഴിക്കുകയും ചെയ്തു. കൃഷി സജീവമല്ലാതായി തീര്‍ന്നതോടെ മോട്ടോര്‍ പമ്പുകള്‍ പ്രവര്‍ത്തിക്കാതായി. അങ്ങനെയിരിക്കെ 2013-14 വര്‍ഷം കാലവര്‍ഷം ശക്തിപ്രാപിച്ചപ്പോള്‍ ആര്‍ ബ്ലോക്ക് മുങ്ങി. അന്ന് നേതാക്കള്‍ പലരും ഇവിടേക്കെത്തിയിരുന്നു.
പ്രത്യേകം പെട്ടിയും പറയും സ്ഥാപിച്ച് വെള്ളം വറ്റിക്കുകയും ആര്‍കെവൈ പദ്ധതിയിലടക്കം ഉള്‍പ്പെടുത്തി 22 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു എന്നാല്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടില്ല.നിലവില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന മഴ മൂലം മേഖല ഏകദേശം മുങ്ങാറായി. അടിയന്തിരമായി പെട്ടിയും പറയും സ്ഥാപിച്ച് വെള്ളം വറ്റിക്കണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു. ആര്‍ ബ്ലോക്കിനനുവദിച്ച 21 മോട്ടോര്‍ പമ്പുകള്‍ ഉടന്‍ സ്ഥാപിക്കണമെന്നും ഇവിടെ ആരംഭിച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.