വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാത നിര്‍മാണവും ഇതിന്റെ ഭാഗമായുള്ള കുതിരാനിലെ രണ്ട് തുരങ്കനിര്‍മാണവും 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് കരാര്‍ കമ്പനിയായ കെഎംസി അധികൃതരും തുരങ്കനിര്‍മാണം നടത്തുന്ന പ്രഗതി എഞ്ചിനീയറിംഗ് കമ്പനി അധികൃതരും പറഞ്ഞു. രാത്രിസമയം ടണലിനുള്ളില്‍ പാറ പൊട്ടിക്കുന്നത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാന -കേന്ദ്രസര്‍ക്കാരുകളും നാഷണല്‍ ഹൈവേ അതോറിറ്റിയും ആലോചിച്ചു പരിഹാരം കണ്ടെത്തണം. രാത്രിസമയം പാറപൊട്ടിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണിപ്പോള്‍.
ഇത് ടണലുകളുടെ നിര്‍മാണം വൈകാനും കാരണമാകുമെന്ന് പ്രഗതി എഞ്ചിനീയറിംഗ് കമ്പനി എം.ഡി. കൃഷ്ണരാജു പറഞ്ഞു.ഇടത് ഭാഗത്തെ ആദ്യതുരങ്കനിര്‍മാണം ഇതിനകം 300 മീറ്റര്‍ വന്നിട്ടുണ്ട്. ഗുഹാമുഖത്ത് നിന്ന് അഞ്ച്മിനുട്ട് തുരങ്കത്തിനുള്ളിലൂടെ നടന്നാലേ ഇപ്പോള്‍ പണി നടക്കുന്ന ഭാഗത്ത് എത്താനാകൂ. വലതുഭാഗത്തെ രണ്ടാമത്തെ തുരങ്കനിര്‍മാണം 110 മീറ്ററായിട്ടുണ്ട്. ടണലുകളുടെ മറു ഭാഗമായ വഴുക്കംപാറ നരികിടന്നപാറ ഭാഗത്തുനിന്നും ഇടത് തുരങ്കത്തിന്റെ പണികള്‍ കഴിഞ്ഞദിവസം പൂജയോടെ ആരംഭിച്ചു. ഇവിടെ തുരങ്കനിര്‍മാണം മൂന്ന് മീറ്ററായി.
30 മീറ്റര്‍വരെ നാല് മീറ്റര്‍ വീതിയിലും നാല് മീറ്റര്‍ ഉയരത്തിലുമാണ് ഈ തുരങ്കം ആദ്യഘട്ടത്തില്‍ തുരക്കുക. പാറകളില്‍ ആഴംകുറച്ച കുഴികളെടുത്ത് ചെറിയതോതിലാണ് ഇവിടെ തുടക്കത്തില്‍ പാറപൊട്ടിക്കുക. പാറ തെറിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍. ഏതാനും മീറ്റര്‍മാത്രം മാറിയാണ് ഇവിടെ നിലവിലുള്ള ദേശീയപാത കടന്നുപോകുന്നത്. കൂടാതെ സമീപത്ത് വീടുകളുമുണ്ട്. ഇപ്പോള്‍തന്നെ പാറപൊട്ടിക്കുമ്പോള്‍ ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം പത്ത്മിനുട്ട് വീതം നിര്‍ത്തിവെച്ചാണ് ഓരോതവണയും പാറ പൊട്ടിക്കുന്നത്.
ടണല്‍നിര്‍മാണം കുതിരാന്‍മലയുടെ രണ്ട് ഭാഗത്തുനിന്നും ആരംഭിച്ചതിനാല്‍ ഇനി മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഇടതുഭാഗത്തെ ആദ്യ തുരങ്കം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. 915 മീറ്ററാണ് ഓരോതുരങ്കത്തിന്റെയും ദൂരം. തുരങ്കനിര്‍മാണം പൂര്‍ത്തിയായാല്‍ കുതിരാന്‍മലയില്‍ നിലവിലുള്ള ദേശീയപാത പിന്നെ പന്ത്രണ്ട് മീറ്റര്‍ താഴ്ചയിലൂടെയാകും. ഇതിനനുസരിച്ച് വഴുക്കംപാറ ഭാഗത്തും റോഡ് താഴ്ന്ന് പോകും. ആറുവരിപാത നിര്‍മാണവും ഇപ്പോള്‍ വേഗത്തിലായിട്ടുണ്ട്.