വടക്കഞ്ചേരി: ആറുവരിപ്പാത നിര്‍മാണം നടക്കുന്ന വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ പന്നിയങ്കരമുതല് വാണിയമ്പാറവരെയുള്ള ഭാഗത്ത് സര്‍വീസ് റോഡും ഡ്രെയിനേജും വേണമെന്ന സംയുക്തസമരസമിതിയുടെ ആവശ്യത്തില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പന്നിയങ്കര, ചുവട്ടുപാടം ഭാഗത്ത് പുതിയ റോഡിലൂടെയുള്ള വാഹനഗതാഗതം നാട്ടുകാര്‍ തടഞ്ഞു. തങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിക്കാതെ റോഡ് നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടിലാണ് ജനങ്ങള്‍.
28 മുതല്‍ സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഭാരവാഹിയായ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര് പി.ജെ.ജോസഫ്പറഞ്ഞു. കരാര്‍ കമ്പനിയായ കെഎംസിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ചുവട്ടുപാടത്ത് ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള നൂറ് കണക്കിന് നാട്ടുകാര്‍ ചേര്‍ന്ന് തിങ്കളാഴ്ച മുതല്‍ ദേശീയപാതയില്‍ ഒരു വരി ഗതാഗതം തടസപ്പെടുത്തും. പ്രശ്ന പ്രദേശ—ങ്ങളില്‍ അതിവേഗ പണികള്‍ നടത്തി തങ്ങളെ കബളിപ്പിക്കാനുള്ള നീക്കം നടക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.