ആലപ്പുഴ: വ്യത്യസ്ത സമയങ്ങളില്‍ വിവിധ ഭാഗങ്ങളിലുണ്ടായ തീപിടുത്തത്തില്‍ പതിനായിരങ്ങളുടെ നഷ്ടം. പുന്നമടയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ഷെഡ്ഡിന് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. ആലപ്പുഴ നഗരസഭ പനയ്ക്കല്‍ ചിറയില്‍ ഷിനു ജേക്കബിന്റെ ഷീറ്റുമേഞ്ഞ കെട്ടിടമാണ് കത്തിനശിച്ചത്. ഏകദേശം 50,000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് പാതിരപ്പള്ളിയില്‍ ഇടിവെട്ടേറ്റ് തെങ്ങിന് തീപിടിച്ചത്.മാരാരിക്കുളം തെക്കുപഞ്ചായത്ത് പാതിരപ്പള്ളി വെളിയില്‍ തുളസി ദാസിന്റെ തെങ്ങിനാണ് ഇടിവെട്ടേറ്റത്. തെങ്ങിന് മുകളില്‍ തീ പടര്‍ന്നെങ്കിലും ശക്തമായ മഴ പെയ്തതിനെത്തുടര്‍ന്ന് തീയണഞ്ഞത്. വിവരമറിഞ്ഞ് ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു.
11.30 ഓടെയാണ് പുന്നപ്ര കുറവന്‍തോട് വടക്കെക്കല്ല് പാറയില്‍ അബ്ദുള്‍ ഷുക്കൂറിന്റെ വീടിന് സമീപമുള്ള ഷെഡ്ഡിന് തീപിടിച്ചത്. ഷെഡ്ഡിനുള്ളില്‍ കെട്ടിയിരുന്ന രണ്ട് ആടുകള്‍ തീപിടുത്തത്തില്‍ വെന്ത് മരിച്ചു.ഓടു മേഞ്ഞ ഷെഡ്ഡിലായിരുന്നു ആടുകളെ കെട്ടിയിരുന്നത്. ഷെഡ്ഡില്‍ വൈദ്യുതി കണക്ഷനോ മറ്റ് തീപിടിക്കുന്നതിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. ആരെങ്കിലും കത്തിച്ചതാണോയെന്ന സംശയമുയര്‍ന്നിട്ടുണ്ട്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥനാണ് അബ്ദുള്‍ ഷുക്കൂര്‍. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.