ആലപ്പുഴയില്‍ 25,000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

knr-hansആലപ്പുഴ: അന്യസംസ്ഥാനത്തുനിന്നും ട്രെയിനില്‍ ആലപ്പുഴയിലേക്ക് കടത്തിയ 25,000ത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ നാര്‍ക്കോട്ടിക് സ്ക്വാഡും സൗത്ത് പോലീസും ചേര്‍ന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പുലയന്‍വഴി സ്വദേശികളായ ജമാല്‍, ബോബി എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും വലിയമരത്തുനിന്നുമായി പിടികൂടിയത്.

എയര്‍ബാഗുകളിലാക്കിയായിരുന്നു പുകയില ഉത്പന്നങ്ങള്‍ കടത്തിയിരുന്നത്. ഹാന്‍സും ഉത്തരേന്ത്യക്കാര്‍ ഉപയോഗിക്കുന്ന ചുക്കപോലുള്ള പുകയില ഉത്പന്നവുമാണ് പിടികൂടിയവയില്‍ കൂടുതലും. അഞ്ച് എയര്‍ബാഗുകളിലാക്കിയായിരുന്നു പുകയില ഉത്പന്നങ്ങള്‍ ട്രെയിനില്‍ ആലപ്പുഴയിലെത്തിച്ചത്. ബാംഗളൂരില്‍ നിന്നും ആലപ്പുഴയിലെത്തുന്ന ട്രെയിനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക് ഡിവൈഎസ്പി ഡി. മോഹനന്റെ നേതൃത്വത്തില്‍ ആഴ്ചകളായി റെയില്‍വേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും പുലര്‍ച്ചെ രഹസ്യനിരീക്ഷണം നടത്തിവരുകയായിരുന്നു.

ഇന്ന് രാവിലെ പുകയില ഉത്പന്നങ്ങളുമായി ട്രെയിനിലെത്തിയ സംഘം ഇവ കടത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ കണ്ണില്‍പ്പെടുകയായിരുന്നു.   ഒരാളെ പിടികൂടാന്‍ കഴിഞ്ഞെങ്കിലും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു. പിടിയിലായ ആളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വലിയ മരത്തില്‍ നടത്തിയ പരിശോധനയിലാണ് മറ്റൊരാളും പോലീസ് കസ്റ്റഡിയിലായത്. സൗത്ത് എസ്‌ഐ എം.കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വലിയമരം പ്രദേശത്തുനിന്നും ഇയാളെ  ഇന്ന് രാവിലെ എട്ടോടെ കസ്റ്റഡിയിലെടുത്തത്. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങള്‍ സുലഭമാണ്.

അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന വാഹനങ്ങളിലും ട്രെയിനുകളിലുമായി ജില്ലയിലേക്ക് കഞ്ചാവടക്കമുള്ളവ കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നു. നേരത്തെ ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസില്‍ നിന്നും  നിരവധിത്തവണ ജില്ലയിലേക്ക് കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ കടത്തുകാരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

Related posts