ആലപ്പുഴ: ജില്ലയില്‍ ഇത്തവണ 79.88 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി കണക്കുകള്‍. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വര്‍ധനവ് മാത്രമാണ് പോളിംഗ് ശതമാനത്തിലുണ്ടായിരിക്കുന്നത്. അരൂര്‍ 82.9, ചേര്‍ത്തല 84.1, ആലപ്പുഴ 73.59, അമ്പലപ്പുഴ 72.1, കുട്ടനാട് 71.4, ഹരിപ്പാട് 76.9, കായംകുളം 75.8, മാവേലിക്കര 76.5, ചെങ്ങന്നൂര്‍ 74.12 എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. ചേര്‍ത്തല നിയോജകമണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം. കുറവ് കുട്ടനാട്ടിലും.
പോളിംഗ് സമയം അവസാനിച്ചതിനുശേഷവും ജില്ലയിലെ പല മണ്ഡലങ്ങളിലെ ബൂത്തുകളിലും മണിക്കൂറുകളോളം വോട്ടെടുപ്പ് നടന്നു. ആലപ്പുഴ മണ്ഡലത്തിലെ പൊള്ളെത്തൈ ഗവണ്മെന്റ് സ്കൂളിലെ ബൂത്തില്‍ രാത്രി 7.30 വരെയും മാരാരിക്കുളം സെന്റ് അഗസ്തിന്, മാരാരിക്കുളം എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ ഏഴുമണിവരെയും വോട്ടെടുപ്പ് നടന്നു. കലവൂര്‍ ഓമപ്പുഴ കോളജ് ജംഗ്ഷന് എസ്എന്‍ഡിപി ശാഖായോഗത്തിലെ ബൂത്തില്‍ 8.30 ഓടെയാണ് പോളിംഗ് അവസാനിച്ചത്. മുഹമ്മ എസ്എന്‍വി സ്കൂളിലും തെരഞ്ഞെടുപ്പ് സമയം അവസാനിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വോട്ടിംഗ് പൂര്‍ത്തിയായത്.