കൊല്ലങ്കോട്: ചിന്മയനഗര്‍-ആലമ്പാടി റോഡില്‍ രൂപംകൊണ്ട ചെളിക്കുളംപോലെയുള്ള മഴവെള്ളക്കെട്ട് യാത്രക്കാര്‍ക്ക് അപകടഭീഷണിയായി. ഇക്കഴിഞ്ഞ ഞായറാഴ്ച ഓട്ടോയ്ക്കു വഴിമാറി കൊടുക്കുന്നതിനിടെ ഇരുചക്രവാഹനം നിയന്ത്രണംവിട്ടു ചെളിവെള്ളത്തിലേക്കു മറിഞ്ഞിരുന്നു. വസ്ത്രങ്ങളില്‍ ചെളിപുരണ്ടതിനു പുറമേ പോക്കറ്റിലുണ്ടായിരുന്ന 8000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണു ഉപയോഗശൂന്യമായി. ഇതുകൂടാതെ വെള്ളക്കെട്ടില്‍ കാല്‍നട, ബൈക്കുയാത്രക്കാര്‍ വീഴുന്ന സംഭവങ്ങളും പതിവുകാഴ്ചയാണ്. 25 മീറ്റര്‍ നീളമുള്ള ഗര്‍ത്തത്തിന് ഒരടിയോളം ആഴമുണ്ട്. റോഡില്‍നിന്നും ഇളകിയ മെറ്റലില്‍ തട്ടിയാണ് ഇരുചക്രവാഹനങ്ങള്‍ വെള്ളക്കെട്ടിലേക്ക് മറിയുന്നത്.
പയിലൂര്‍, കാച്ചാംകുറിച്ചി, പെരുങ്ങോട്ടുകാവ്, കരിങ്കുളം, എലവഞ്ചേരി എന്നിവിടങ്ങളില്‍നിന്നും പുതുനഗരം, ചിറ്റൂര്‍ ഭാഗത്തേക്കു വരുന്ന യാത്രക്കാര്‍ കൊല്ലങ്കോട് ടൗണിലെ ഗതാഗതക്കുരുക്കില്‍ അകപ്പെടാതിരിക്കാന്‍ ചിന്മയനഗര്‍ ബൈപാസിലൂടെയാണ് സഞ്ചരിക്കുന്നത്.കരിപ്പോട്, വടവന്നൂര്‍, ഊട്ടറ, അടിച്ചിറ എന്നിവിടങ്ങളിലുളളവര്‍ നെന്മാറ ഭാഗത്തേക്ക് ദൂരക്കുറവായിനാല്‍ ആശ്രയിക്കുന്നതും ചിന്മയനഗര്‍ ബൈപാസ് റോഡിനെയാണ്.
ഈ സ്ഥലത്ത് ഗര്‍ത്തമുണ്ടായി മൂന്നുവര്‍ഷമായിട്ടും റോഡിലെ ഗര്‍ത്തം ശരിയാക്കാത്തതില്‍ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്. ഒന്നോ രണ്ടോ ട്രാക്ടര്‍ മണ്ണിട്ടു ഓട്ടയടയ്ക്കുകയാണ് പൊതുമരാമത്ത് അധികൃതര്‍ ചെയ്യാറുള്ളത്. മഴ ആരംഭിക്കുന്നതോടെ മണ്ണൊലിച്ചുപോയി വീണ്ടും ഗര്‍ത്തങ്ങള്‍ കൂടിവരികയാണ്. ഈ ശാശ്വതമായി ഗര്‍ത്തം നികത്തി ഉന്നതനിലവാരത്തില്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ അധികൃതര്‍ക്ക് നിവേദനം നല്കുന്നതിനായി ജനങ്ങള്‍ ഒപ്പുശേഖരണം തുടങ്ങി.