ബോളിവുഡിലെ ചൂടന്‍ ജോഡികളായ ആലിയാ ഭട്ടും സിദ്ധാര്‍ഥ് മല്‍ഹോത്രയും അടിച്ചു പിരിയുന്നു എന്നു വാര്‍ത്ത. ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഗമമല്ല എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേനാളായി. ഇപ്പോള്‍ പിരിയുന്ന കാര്യം ഇരുവരും വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. എന്താണ് പിരിയാന്‍ കാരണമെന്ന് വ്യക്തമല്ല. ഇത്രനാള്‍ ഒരുമിച്ചുണ്ടായിട്ടും പരസ്പരം മനസിലാക്കാന്‍ ഇരുവര്‍ക്കും സാധിക്കാഞ്ഞതാണ് ഈ തീരുമാനമെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വ്യക്തിപരവും തൊഴില്‍പരവുമായ നേട്ടങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇരുവരും വേര്‍പിരിയുന്നതെ ന്നും അഭ്യൂഹമുണ്ട്. സിദ്ധാര്‍ഥിന്റേതായി അടുത്തിടെ പുറത്തുവന്ന ബാര്‍ ബാര്‍ ദേഖോ പ്രേക്ഷകശ്രദ്ധ നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആലിയയുടെ കാര്യം വ്യത്യസ്തമാണ്. ആലിയയുടെ സമീപകാല ചിത്രങ്ങളെല്ലാം തരക്കേടില്ലാതെ ഓടി.
ഇനിവരാനിരിക്കുന്നതാവട്ടെ ഷാരൂഖ് ഖാന്റെ നായികയായുള്ള ഡിയര്‍ സിന്ദഗിയും വരുണ്‍ ധവാന്റെ നായികയായി അഭിനയിക്കുന്ന ബദ്രിനാഥ് കീ ദുല്‍ഹനിയയുമാണ്. ഇതുരണ്ടും ആലിയയ്ക്ക് പ്രതീക്ഷ പകരുന്ന ചിത്രങ്ങളാണ്. വേര്‍പിരിയുന്നതാണ് തങ്ങളുടെ കരിയറിന് അഭികാമ്യമെന്ന് ഇരുവരും വിശ്വസിക്കുന്നു. തങ്ങളുടെ ബന്ധം ഇനി തകര്‍ന്നാല്‍ തന്നെ അത് തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ആലിയ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.