നാദാപുരം : മേഖലയിലെ രാഷ്ട്രീയ കൊലപാതകത്തിന് അറുതി വരുന്നില്ല. ഇന്നലെ ഒരു യുവാവ് കൂടി രാഷ്ട്രീയ പോരില്‍ റോഡില്‍ വെട്ടേറ്റ് ജീവന്‍ വെടിഞ്ഞതോടെ മേഖലയാകെ ഭീതിയുടെ നിഴലിലാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 22 ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടപ്പോള്‍ നാട് ഞെട്ടി വിറങ്ങലിച്ചു. ഈകൊലപാതകത്തിന് പിന്നാലെ ഒരു പ്രദേശമാകെ അക്രമവും തീവെപ്പും അരങ്ങേറി. വസ്തു വകകള്‍ ഉള്‍പ്പെടെയുള്ളവ പലര്‍ക്കും നഷ്ടപ്പെട്ടു. പിന്നീട് രൂപപ്പെട്ട സമാധാന ശ്രമങ്ങള്‍ ഏറെ ഫലം കണ്ടിരുന്നു. അങ്ങിങ്ങായി ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ നടക്കുകയും ചില പ്രദേശങ്ങളില്‍ നിന്ന് ബോംബുകളും ആയുധങ്ങളും കണ്ടെടുക്കുകയും ചെയ്തതൊഴിച്ചാല്‍ നാടിനെ നടുക്കുന്ന സംഭവങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
എന്നാല്‍ ഇന്നലെ ഉണ്ടായ സംഭവം മേഖലയില്‍ വീണ്ടും ആശങ്ക പരത്തി കഴിഞ്ഞു. ഇനി എന്ത് എന്ന ചോദ്യമാണെങ്ങും.യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലം കൊല്ലപ്പെട്ടെന്നറിഞ്ഞതോടെ മേഖലയിലെ ടൗണുകള്‍ പെട്ടെന്ന് വിജനമായി. പോലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങുമോടി തുടങ്ങിയതോടെ പഴയ നാദാപുരത്തിന്റെ ഓര്‍മ ജന മനസുകളിലെത്തി. പല വീട്ടുകാരും ഫോണെടുക്കാന്‍ പോലും തയ്യാറാകുന്നില്ല. ഭീതി തന്നെയായിരുന്നു മനസിനുള്ളില്‍.നാട്ടിന്‍ പുറങ്ങളിലെ കവലകളില്‍ പോലും ആരെയും കാണ്‌നില്ലാത്ത അവസ്ഥയാണ്
നാദാപുരത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ജീവനെടുക്കുന്ന ഈ രാഷ്ട്രീയ പോര്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. രാഷ്ട്രീയം തലക്ക് പിടിച്ച് ഏറ്റുമുട്ടി ജിവന്‍ വെടിഞ്ഞവര്‍ നിരവധിയാണ്. കത്തിക്കും.ബോംബിനും ഇരയായി ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളേറെ. അവരുടെ തേങ്ങലുകള്‍ ഇന്നും ഉയരുമ്പോഴാണ് അതൊന്നും ശ്രദ്ധിക്കാതെ രാഷ്ട്രീയക്കാര്‍ വീണ്ടും ചോര ചിന്തുന്നത്.
നിസാര പ്രശ്‌നത്തിന് പോലും ഏറ്റുമുട്ടി ജീവന്‍ നഷ്ടപ്പെടുത്തുന്ന ശൈലിയാണിവിടെ. ഇതറിയാവുന്നവരൊന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല. മുന്‍ കാലങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനും നാടിനും നാട്ടുകാര്‍ക്കും വേണ്ടിയായിരുന്നു. ഇപ്പോഴത് മനുഷ്യനെ കശാപ്പു ചെയ്യുന്നിടത്തേക്കെത്തി. ബോധവല്‍ക്കരണവും സമാധാന സമ്മേളനങ്ങളും തുടരാതെ നടക്കുമെങ്കിലും അക്രമത്തിനും കൊലക്കും കുറവൊന്നുമില്ല. ഇതില്‍ നിന്ന് മനസുരുകുകയും ഭീതിയില്‍ കഴിയുകയാണ് പ്രദേശവാസികള്‍.
സിഐ കസേരയില്‍ ഇരിക്കാനാളില്ല
നാദാപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന നാദാപുരം പോലീസ് സ്‌റ്റേഷനില്‍ ക്രമസമാധാനപാലനത്തിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇല്ലാതായിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും അധികൃതര്‍ക്ക് മൗനം.കഴിഞ്ഞ മാസം അവസാനമാണ് അന്നത്തെ സിഐ കെ.എസ്. ഷാജി സ്ഥലം മാറിപ്പോയത്.ഇതിന് ശേഷം കോഴിക്കോട് കസബ സിഐയെ നാദാപുരത്തേക്ക് നിയമിച്ചെങ്കിലും ആഴ്ചകള്‍ പിന്നിട്ടെങ്കിലും ചാര്‍ജ് ഏറ്റെടുത്തിട്ടില്ല.പകരം ചുമതലയിലാണ് കാര്യങ്ങള്‍ നടക്കുന്നതത്രേ.ഇന്നലെ വൈകുന്നേരം മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിന് ശേഷം നാഥനില്ലാത്ത അവസ്ഥയാണെന്ന് പോലീസുകാര്‍ക്കിടയില്‍ തന്നെ സംസാര വിഷയമാണ്.