ബിജു കലയത്തിനാൽ
ചെറുതോണി: ഹൈറേഞ്ചിനെയും ലോറേഞ്ചിനെയും ഒരുപോലെ ആശങ്കപ്പെടുത്തി ഇടുക്കി ഡാം നിറയുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2394 അടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
2018-ൽ ജലനിരപ്പ് 2398.85 അടിയായപ്പോഴാണു തുറന്നുവിട്ടത്. ഇപ്പോൾ പരമാവധി സംഭരണശേഷിയുടെ 92 ശതമാനത്തിലധികം വെള്ളം ഡാമിലുണ്ട്. 2403 അടിയാണ് പരമാവധി സംഭരണശേഷി.
2395 അടിയാകുന്പോൾ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കണമെന്ന ആവശ്യം ശക്തമായി. ഇതുസംബന്ധിച്ച് ചെറുതോണിയിലെ വ്യാപാരികൾ ജില്ലാ കളക്ടർക്കും വൈദ്യുതി മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
അണക്കെട്ട് തുറക്കേണ്ടിവന്നാൽ വെള്ളം പെരിയാറിലൂടെതന്നെ ഒഴുക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇടുക്കി ആലിൻചുവട് ഭാഗത്ത് ദേശീയ പാതക്കു കുറുകെ ടണൽ നിർമിച്ചാൽ പെരിയാറിലേക്കു വെളളം തുറന്നുവിടാനാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതുവഴി ചെറുതോണിപ്പുഴയിലെ വെള്ളപ്പൊക്കം ഒഴിവാക്കാനാകും. നിലവിൽ കിലോമീറ്ററുകൾ താണ്ടി വെള്ളക്കയത്തെത്തിയാണ് വെള്ളം പെരിയാറിൽ ചേരുന്നത്.