കോട്ടയം: കഞ്ചാവ് ലഹരിയില്‍ ഗുണ്ടാപ്രവര്‍ത്തനവും കവര്‍ച്ചയും തൊഴിലാക്കിയ ഗുണ്ടാത്തലവനും സഹായിയും പിടിയില്‍. അയ്മനം കൊട്ടമലവീട്ടില്‍ മിഥുന്‍(27), സഹായി ആര്‍പ്പൂക്കര കൊപ്രായില്‍ ജയിസ് മോന്‍(അലോട്ടി-23) എന്നിവരെയാണ് ഇന്നലെ രാവിലെ 9.30നു തച്ചുകുന്നില്‍നിന്നും ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്നും 19ഗ്രാം കഞ്ചാവും പോലീസ് കണെ്ടടുത്തു. കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിലായി കൊലപാതകം, പിടിച്ചുപറി, ക്വട്ടേഷന്‍ ഉള്‍പ്പെടെ 25ലധികം കേസുകളിലെ പ്രതികളാണു പിടിയിലായത്.
ജനുവരി 30നു ചങ്ങനാശേരി പ്ലാഞ്ചുവട് ഭാഗത്ത് ജോഷിയുടെ അടച്ചിട്ട വീട്ടില്‍ പണംവച്ചു ചീട്ടുകളിക്കുകയായിരുന്ന എട്ടംഗസംഘത്തെ മുഖംമൂടി ധരിച്ച് മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നത് ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്നു തെളിഞ്ഞു. പുതുവര്‍ഷപ്പിറ്റേന്ന് രാത്രി 9.30നു ചങ്ങനാശേരി കാവാലം ബസാറില്‍ ബാബുവിന്റെ പച്ചക്കറിക്കട അടിച്ചുതകര്‍ത്തു പണം അടങ്ങിയ പെട്ടി കവര്‍ന്നതും തടയാനെത്തിയ അയല്‍വാസി ബിജുവിന്റെ കാര്‍ അടിച്ചു തകര്‍ത്തതും തുടര്‍ന്നു സമീപത്തുള്ള ബിയര്‍പാര്‍ലര്‍ അടിച്ചു തകര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ഇതേസംഘമാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
അറസ്റ്റിലായ മിഥുന്‍ തിരുവല്ല, ചങ്ങനാശേരി, ചിങ്ങവനം, കറുകച്ചാല്‍, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളിലായി ആറു വധശ്രമകേസുകളിലും രണ്ട് വലിയ കവര്‍ച്ചാ കേസുകളിലും മൂന്ന് ബോംബാക്രമണ കേസുകളിലും പ്രതിയായിട്ടുണ്ട്. കോട്ടയം ആര്‍പ്പൂക്കരയില്‍ തന്റെ വാഹനത്തിന് സൈഡ് തന്നില്ല എന്ന കാരണത്താല്‍ കാര്‍ യാത്രക്കാരനുനേരെ ബോംബ് എറിഞ്ഞ കേസില്‍ അറസ്റ്റു ചെയ്യാനെത്തിയ പോലീസുകാരുടെ നേരേ വാള്‍വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
കോട്ടയം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് ജയില്‍ വാര്‍ഡനെ അടിച്ചു പരിക്കേല്പിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. മിഥുന്‍ ഗുണ്ടാ ആക്ട് പ്രകാരമുള്ള വിചാരണ നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്. നിരവധിതവണ മഞ്ചേരി, പൊന്‍കുന്നം, പത്തനംതിട്ട തുടങ്ങിയ സബ്ജയിലുകളില്‍ ഇയാള്‍ കിടന്നിട്ടുണ്ട്.
മിഥുന്റെ സഹായിയും സംഘത്തിലെ രണ്ടാമനുമായ അലോട്ടി കൊലപാതകകേസുകളുള്‍പ്പെടെ നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. 2012ല്‍ തിരുനക്കര അമ്പലത്തിനുസമീപത്തെ കണ്ടത്തില്‍ ലോഡ്ജിലെ മാനേജരായിരുന്ന ഗോപിനാഥന്‍ നായരെ കുത്തിക്കൊന്ന കേസില്‍ പ്രതിയാണ്. രണ്ടു വര്‍ഷം മുമ്പ് കിടങ്ങൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്ത ഉത്തരേന്ത്യന്‍ വ്യാപാരിയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ ചെയ്തു 4.50 ലക്ഷം കവര്‍ന്ന കേസിലും പ്രതിയാണ് ഇയാള്‍. ഗാന്ധിനഗറില്‍ മൂന്നു വധശ്രമകേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരേ തിരുവല്ലയില്‍ ബോംബാക്രമണകേസും കടുത്തുരുത്തിയില്‍ കഞ്ചാവുകേസും നിലവിലുണ്ട്. ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികള്‍ നേരിട്ടുവരുന്നയാളാണ്.
ജില്ലാ പോലീസ് ചീഫ് സതീഷ് ബിനോയുടെ നിര്‍ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ഓപ്പറേഷന്‍ ബ്ലാക്ക് ഹണ്ടിന്റെ ഭാഗമായി നടത്തിയ തെരച്ചിലിലാണു പ്രതികള്‍ വലയിലായത്. കോട്ടയം ഈസ്റ്റ് സിഐ നിര്‍മല്‍ ബോസ്, ഈസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ യു. ശ്രീജിത്ത്, അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ മോന്‍ടി, ഷാഡോ പോലീസ് അംഗങ്ങളായ എസ്. അജിത്, വി.എസ്. ഷിബുക്കുട്ടന്‍, ഐ. സജികുമാര്‍, ബിജുമോന്‍ നായര്‍, അനില്‍ വര്‍ഗീസ്, ഷിജു എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം, എറണാകുളം, സ്വദേശികളായ നാലുപേര്‍ കൂടി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണെ്ടന്നും അവര്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും ഡിവൈഎസ്പി പറഞ്ഞു.